ഉഡുപ്പി കോളജ്: ഖുശ്ബു പറഞ്ഞതിനപ്പുറം ഉണ്ടെങ്കിൽ അന്വേഷണം കഴിഞ്ഞ് പറയാം -മുഖ്യമന്ത്രി
text_fieldsമംഗളൂരു: ഉഡുപ്പി പാരാമെഡിക്കൽ കോളജിൽ വിദ്യാർഥിനിയുടെ സ്വകാര്യത സഹപാഠികൾ മൊബൈൽ ഫോൺ കാമറയിൽ പകർത്തി എന്ന കേസിൽ കേന്ദ്ര വനിത കമീഷൻ അംഗം ഖുശ്ബു സുന്ദർ പറഞ്ഞതിൽ കൂടുതലായി എന്തെങ്കിലും ഉണ്ടെങ്കിൽ അന്വേഷണം പൂർത്തിയായശേഷം അറിയിക്കാമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ.
മംഗളൂരു വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലെ മഴക്കെടുതി അവലോകനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. ഒളികാമറ ഇല്ലെന്നാണ് ഖുശ്ബു പറഞ്ഞത്. സംഭവം സംബന്ധിച്ച് കോളജ് അധികൃതരോ വിദ്യാർഥികളോ പരാതി നൽകിയിട്ടില്ല. പൊലീസ് സ്വമേധയാ ചുമത്തിയ കേസാണ്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുന്നു. അതിനിടയിൽ, പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) ആവശ്യം ഇല്ല. സർക്കാറിനെ വിമർശിക്കുന്നതിനോട് വിയോജിപ്പില്ല. എന്നാൽ, വ്യാജ ആരോപണങ്ങൾ പൊറുപ്പിക്കില്ല -സിദ്ധാരാമയ്യ പറഞ്ഞു.
ദക്ഷിണ കന്നട ജില്ല ചുമതലയുള്ള ആരോഗ്യ -കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവുവിനൊപ്പമാണ് സിദ്ദരാമയ്യ എത്തിയത്. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ മുള്ളൈ മുഹിലൻ, ജില്ല പഞ്ചായത്ത് വകുപ്പ് സി.ഇ.ഒ ഡോ. ആനന്ദ്, മംഗളൂരു സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ആർ ജയിൻ, ജില്ല പൊലീസ് സൂപ്രണ്ട് ഋഷ്യന്ത്, ഡെപ്യൂട്ടി പൊലീസ് കമീഷണർ അൻഷുകുമാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ഉഡുപ്പിയിലെ പുഡെബിദ്രി കടൽത്തീരത്ത് സിദ്ദരാമയ്യ ജനങ്ങളുടെ പരാതി കേട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.