ഉഡുപ്പി കൂട്ടക്കൊല: കുറ്റപത്രം സമർപ്പിച്ചു
text_fieldsമംഗളൂരു: ഉഡുപ്പി മൽപെ നജാറുവിൽ സൗദി അറേബ്യ പ്രവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നാലുപേരെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം പൊലീസ് തിങ്കളാഴ്ച ഉഡുപ്പി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗാലെ(39) മാത്രമാണ് കേസിലെ പ്രതി.
എയർ ഇന്ത്യ വിമാനത്തിൽ ഒരുമിച്ച് ജോലിചെയ്യുമ്പോഴുള്ള സൗഹൃദം അതിരുവിടുന്നത് മനസ്സിലാക്കി എയർഹോസ്റ്റസ് ഐനാസ് (21) അകന്നതിലുള്ള പകയാണ് അവരെയും കുടുംബത്തിലെ മറ്റു മൂന്നുപേരെയും കൊല്ലാൻ പ്രേരിപ്പിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഐനാസിനെ, മുതിർന്ന സഹപ്രവർത്തകൻ ഭാര്യയും രണ്ട് മക്കളുമുള്ള പ്രവീൺ സഹായിക്കാറുണ്ടായിരുന്നു. എട്ടു മാസത്തോളം തുടർന്ന സൗഹൃദത്തിനിടെ പ്രതിയുടെ ഇരുചക്ര വാഹനം ഉപയോഗിക്കാൻ നൽകുകയും ചെയ്തു.
മോശം പെരുമാറ്റ സൂചന ലഭിച്ചതോടെ എയർഹോസ്റ്റസ് കൂട്ടക്കൊല നടന്നതിന്റെ മാസം മുമ്പ് പ്രവീണുമായുള്ള സംസാരം പോലും അവസാനിപ്പിച്ചു. ഇതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. ആദ്യം ഐനാസിനെയും തുടർന്ന് മറ്റു മൂന്നു പേരെയും ഒരേ കത്തികൊണ്ട് കൊലപ്പെടുത്തുകയായിരുന്നു. മഹാരാഷ്ട്ര പുണെ പൊലീസ് കോൺസ്റ്റബിളായിരുന്ന പ്രതി 2007ലാണ് മെച്ചപ്പെട്ട വേതനത്തിൽ എയർ ഇന്ത്യയിൽ കരാർ വ്യവസ്ഥയിൽ ജോലിയിൽ പ്രവേശിച്ചത്.
പ്രതിമാസം 70,000 രൂപ സമ്പാദ്യമുള്ളതായാണ് ബാങ്ക് അക്കൗണ്ട് നൽകുന്ന സൂചന. പ്രതിക്കെതിരെ കേസുകൾ ഇല്ല. എന്നാൽ സമർഥനായ കുറ്റവാളിയെപ്പോലെയായിരുന്നു ഓരോ നീക്കവും. മംഗളൂരുവിൽനിന്ന് കാറിൽ ഉഡുപ്പിയിലേക്ക് സഞ്ചരിച്ച പ്രതി വാഹനം ടോൾ ബൂത്ത് പരിസരത്ത് നിർത്തിയിട്ടാണ് യാത്ര തുടർന്നത്. സി.സി ടി.വി കാമറയിൽ തന്റെ കാർ പതിയാതിരിക്കാനായിരുന്നു ഇത്.
കൃത്യം ചെയ്തശേഷം വിവിധ വാഹനങ്ങൾ കയറിയാണ് മുൽകിയിൽ ഇറങ്ങിയത്. മംഗളൂരുവിൽ താമസസ്ഥലത്ത് എത്തി കത്തി അടുക്കളയിൽ ഒളിപ്പിച്ചു. സൗദി അറേബ്യയിൽ ജോലിചെയ്യുന്ന കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കൾ അഫ്നാൻ (23), ഐനാസ്(21), അസീം (12) എന്നിവരാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.