അനധികൃത സ്വത്ത് കേസ്; ഡി.കെ. ശിവകുമാറിനെതിരായ സി.ബി.ഐ ഹരജി ഹൈകോടതി തള്ളി
text_fieldsബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെതിരെ അന്വേഷണം തുടരാൻ അനുമതി തേടി സമർപ്പിച്ച സി.ബി.ഐ ഹരജി കർണാടക ഹൈകോടതി തള്ളി. കേസിൽ സി.ബി.ഐ അന്വേഷണത്തിനുള്ള അനുമതി റദ്ദാക്കിയ സിദ്ധരാമയ്യ സർക്കാറിന്റെ നടപടി ചോദ്യം ചെയ്ത് സി.ബി.ഐക്ക് പുറമെ, ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാലും ഹരജി നൽകിയിരുന്നു.
കേന്ദ്ര ഏജൻസി ഇടപെട്ട കേസായതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിലെ വിഷയമാണെന്നും പ്രസ്തുത ഹരജികൾ ഹൈകോടതിയുടെ പരിഗണനയിൽ വരുന്നതല്ലെന്നും ജസ്റ്റിസുമാരായ കെ. സോമശേഖർ, ഉമേഷ് അഡിഗ എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. ഹരജിക്കാർക്ക് വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈകോടതി നിർദേശിച്ചു. സുപ്രീംകോടതിയിൽ നിന്നുള്ള തീരുമാനം ദൈവതീരുമാനം പോലെ ഉൾക്കൊള്ളുമെന്ന് ശിവകുമാർ പറഞ്ഞു.
2013 മുതൽ 2018 വരെ മന്ത്രിയായിരുന്ന ശിവകുമാറിന്റെ സ്വത്തിൽ 74.8 കോടിയുടെ അനധികൃത സമ്പാദ്യമുണ്ടെന്നാണ് സി.ബി.ഐ ആരോപണം. 2017ൽ ഡി.കെ. ശിവകുമാറിന്റെ വീടുകളിലും ഓഫിസുകളിലും ആദായ നികുതി വകുപ്പ് നടത്തിയ വ്യാപക റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശിവകുമാറിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ഇ.ഡിയുടെ അന്വേഷണത്തിന്റെ ചുവടുപിടിച്ച് ശിവകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ സി.ബി.ഐ കർണാടക സർക്കാറിന്റെ അനുമതി തേടി. ശിവകുമാറിനെ വിചാരണ ചെയ്യാൻ കഴിഞ്ഞ ബി.ജെ.പി സർക്കാർ സി.ബി.ഐക്ക് അനുമതി നൽകി. 2020 സെപ്റ്റംബർ മൂന്നിന് ശിവകുമാറിനെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇതിനെതിരെ ശിവകുമാർ 2021ൽ കർണാടക ഹൈകോടതിയെ സമീപിച്ചു. 2023 ഒക്ടോബർ 19ന് ഈ ഹരജി തള്ളിയ ഹൈകോടതി, കേസിൽ സി.ബി.ഐ അന്വേഷണം പൂർത്തിയാക്കണമെന്നും മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സി.ബി.ഐ അന്വേഷണത്തിന് മുൻ സർക്കാർ നൽകിയ അനുമതി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി 2023 നവംബർ 23ന് സിദ്ധരാമയ്യ സർക്കാർ അനുമതി റദ്ദാക്കി കേസ് ലോകായുക്തക്ക് കൈമാറി.
തന്റെ ഹരജി തള്ളിയ ഹൈകോടതി ഉത്തരവിനെതിരെ ശിവകുമാർ സുപ്രീംകോടതിയെ സമീപിച്ചു. കർണാടക ഹൈകോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂലൈ 15ന് സുപ്രീംകോടതിയും ഹരജി തള്ളിയതോടെ ശിവകുമാർ വെട്ടിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ലോകായുക്ത പൊലീസ് ശിവകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ഈ മാസം 22ന് ചോദ്യം ചെയ്തിരുന്നു. കേസിൽ ലോകായുക്ത നടപടി തുടരവെയാണ് കർണാടക സർക്കാറിനെതിരെ സി.ബി.ഐയും ബി.ജെ.പി എം.എൽ.എയും ഹൈകോടതിയെ സമീപിച്ചത്. ഒറ്റ വിഷയത്തിൽ പല ഏജൻസികളും അന്വേഷണം നടത്തുകയാണെന്നും ഇതുതന്നെ ലക്ഷ്യം വെച്ചുള്ള നീക്കമാണെന്നുമായിരുന്നു ശിവകുമാറിന്റെ വാദം.
സിദ്ധരാമയ്യക്കെതിരായ വിചാരണ അനുമതി: ഹരജി നാളേക്ക് മാറ്റി
ബംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ഗവർണർ നൽകിയ വിചാരണ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി. സിദ്ധരാമയ്യക്കുവേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി ഹാജരായി.
ഗവർണർക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത തങ്ങളുടെ വാദം ശനിയാഴ്ച അറിയിക്കാമെന്ന് കോടതിയെ ബോധിപ്പിച്ചു. ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ ഒരു നടപടിയും സ്വീകരിക്കരുതെന്ന് ജനപ്രതിനിധികൾക്കെതിരായ കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിക്ക് ആഗസ്റ്റ് 19ന് ജസ്റ്റിസ് ഹേമന്ത് ചന്ദൻഗൗഡർ അധ്യക്ഷനായ സിംഗ്ൾ ബെഞ്ച് നിർദേശം നൽകിയിരുന്നു. ഈ ഉത്തരവ് ശനിയാഴ്ച വരെ ബാധകമാണെന്നും കോടതി വ്യക്തമാക്കി. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ്, 2023ലെ ഭാരതീയ ന്യായ സുരക്ഷാ സംഹിതയിലെ 218 വകുപ്പ് എന്നിവ പ്രകാരം ഗവർണർ താവർ ചന്ദ് ഗഹ് ലോട്ട് ആഗസ്റ്റ് 16നാണ് മുഖ്യമന്ത്രിക്കെതിരെ വിചാരണ അനുമതി പുറപ്പെടുവിച്ചത്. അതേസമയം, മുഖ്യമന്ത്രിയെ വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകിയവരിലൊരാളായ കർണാടക സ്വദേശി സ്നേഹമയി കൃഷ്ണ മുഖ്യമന്ത്രിയുടെ ഭാര്യ ബി.എം. പാർവതിക്കും മൈസൂരു ഡി.സി.സി പ്രസിഡന്റ് എം. ലക്ഷ്മണ എന്നിവർക്കെതിരെ ലക്ഷ്മിപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മുഡ അഴിമതിക്കേസിലെ സുപ്രധാന തെളിവായ രേഖയിൽ കൃത്രിമത്വം കാണിച്ചെന്നാരോപിച്ചാണ് പരാതി. എന്നാൽ, പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.