ആറുവരി തുരങ്കപാത നിർമാണം ജനുവരിയിൽ തുടങ്ങും
text_fieldsബംഗളൂരു: സില്‍ക്ക് ബോര്‍ഡ്-ഹെബ്ബാള്‍ 18 കിലോമീറ്റര്‍ ആറുവരി തുരങ്കപാത നിര്‍മാണം ജനുവരിയില്‍ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അറിയിച്ചു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക ഇരട്ടിയായി വർധിപ്പിച്ചാണ് തുരങ്കപാത ഒരുക്കുന്നത്.16,500 കോടി രൂപ ചെലവിൽ നിര്‍മിക്കുന്ന പാതയുടെ വിശദപദ്ധതി രേഖ തയാറായിട്ടുണ്ട്. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഭൂഗർഭപാത, വടക്ക് ഹെബ്ബാൾ മുതൽ തെക്ക് സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷൻ വരെയാണ്. മേഘ്രി സർക്ക്ൾ, റെയ്സ് കോഴ്സ് റോഡ്, ലാൽബാഗ് എന്നിവിടങ്ങളിൽ ഇന്റർചേഞ്ചുകളുണ്ടാകും.
തുരംഗം നിർമിക്കാൻ ആറ് യന്ത്രങ്ങളുപയോഗിക്കാനാണ് ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി) പദ്ധതി. മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഭൂഗർഭ പാതകളെക്കുറിച്ച് പഠിച്ചശേഷമാണ് വിശദ പദ്ധതിരേഖ തയാറാക്കിയത്. പാതയുടെ ഇരുവശത്തും രണ്ട് പ്രവേശന കവാടവും പുറത്തേക്കുള്ള കവാടവും ഉണ്ടാകും. സിൽക്ക് ബോർഡ് ജങ്ഷനിൽ ഔട്ടർ റിങ് റോഡ്, ഹൊസൂർ റോഡ് ഭാഗത്തേക്കും ഹെബ്ബാൾ ജങ്ഷനിൽ കെ.ആർ. പുരം, ബല്ലാരി റോഡ് ഭാഗങ്ങളിലേക്കുമാകും കവാടങ്ങൾ. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാകും പാത നിർമിക്കുക. 70 ശതമാനം തുക സ്വകാര്യ കരാറുകാരനും 30 ശതമാനം ബി.ബി.എം.പിയുമാകും വഹിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.