ഏക സിവിൽകോഡ് മുസ്ലിമിനെതിരായ പിൻവാതിൽ ആക്രമണം -തുഷാർ ഗാന്ധി
text_fieldsമംഗളൂരു: ഏകസിവിൽകോഡ് മുസ്ലിംകൾക്ക് എതിരായ പിൻവാതിൽ ആക്രമണമാണെന്ന് മഹാത്മ ഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധി അഭിപ്രായപ്പെട്ടു.
ബംഗളൂരു കർണാടക ഗാന്ധി സ്മാരക നിധിയും മംഗളൂരു സർവകലാശാല മംഗള ഗംഗോത്രി എൻ.എസ്.എസ് യൂനിറ്റും ചേർന്ന് സംഘടിപ്പിച്ച ‘ഗാന്ധി ദർശന പ്രസക്തി യുവതക്കിടയിൽ’ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതര വിഭാഗങ്ങളെ ഏക സിവിൽകോഡ് അത്രമേൽ ബാധിക്കില്ല. എന്നാൽ, മുസ്ലിംകൾക്ക് കടുത്ത വെല്ലുവിളിയാവും. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് രാജ്യത്ത് പരീക്ഷിക്കപ്പെടുന്നത്. ഗാന്ധിയൻ ആശയങ്ങൾ എക്കാലവും പ്രസക്തമാണ്. എന്നാൽ, നിലവിലെ ഇന്ത്യൻ രാഷ്ട്രീയം വിഭാഗീയതയിൽ ഊന്നിയാണ് മുന്നോട്ടുപോവുന്നത്. സാമൂഹിക സേവനരംഗത്ത് പരിചിതരായ മുഖങ്ങളല്ല പലപ്പോഴും സ്ഥാനാർഥികളായി വരുന്നത്. വിഭാഗീയതയുടെ വിജയം ഉറപ്പിക്കാൻ നിർത്തുന്നവർക്ക് വോട്ട് ചെയ്യാൻ നിർബന്ധിതമാവുന്നതാണ് രാഷ്ട്രീയ സാഹചര്യം എന്ന് തുഷാർ ഗാന്ധി പറഞ്ഞു.
മംഗളൂരു സർവകലാശാല വൈസ് ചാൻസലർ പി.എൽ. ധർമ അധ്യക്ഷത വഹിച്ചു. നിധി പ്രസിഡന്റ് ഡോ. വൂഡെ പി. കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. നിറ്റെ സർവകലാശാല പി.വി.സി ഡോ. ശാന്താറാം ഷെട്ടി മുഖ്യാതിഥിയായി. പ്രമോദ് കുമാർ റൈയുടെ രണ്ട് പുസ്തകങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.