ഏക സിവിൽകോഡ് സർക്കാർ മാജിക് -ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻദാസ്
text_fieldsബംഗളൂരു: ഏക സിവിൽകോഡ് എന്നത് വെറും സർക്കാർ മാജിക്കാണെന്നും രാജ്യത്ത് ഏക സിവിൽ കോഡ് കൊണ്ടുവരുക സാധ്യമല്ലെന്നും കർണാടക ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻദാസ് പറഞ്ഞു. ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി കർണാടക ചാപ്റ്ററിന്റെ (എഫ്.ഡി.സി.എ-കെ) ആഭിമുഖ്യത്തിൽ ‘ഏക സിവിൽകോഡ്’ വിഷയത്തിൽ ബംഗളൂരുവിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവിൽ കോഡ് കൊണ്ടുവരൽ ഭരണഘടന അനുവദിക്കുന്നതല്ല. ഇപ്പോൾ പ്രതിപക്ഷ ഐക്യം കണ്ടു ഭയന്ന കേന്ദ്രം അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ആയുധമായാണ് ഏക സിവിൽകോഡ് വീണ്ടും ചർച്ചയാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏക സിവിൽകോഡ് എന്നത് മുസ്ലിംകളുടെ മാത്രം പ്രശ്നമല്ലെന്ന് ചൂണ്ടിക്കാട്ടിയ ജമാഅത്തെ ഇസ്ലാമി കർണാടക പ്രസിഡന്റ് ഡോ. ബെലഗാമി മുഹമ്മദ് സാദ്, വൈവിധ്യങ്ങളുടെ ഭൂമികയായ ഇന്ത്യയിൽ കൃത്രിമ ഏകത്വം രൂപപ്പെടുത്താനേ ഏക സിവിൽകോഡിന് സാധിക്കൂ എന്ന് അഭിപ്രായപ്പെട്ടു.
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കു നേരെ നിലനിൽക്കുന്ന വിവേചനം വർധിപ്പിക്കാനേ ഏക സിവിൽകോഡ് ഉപകരിക്കൂ എന്ന് സ്വതന്ത്ര മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ സിന്ധ്യ സ്റ്റീഫൻ പറഞ്ഞു. ഏക സിവിൽ കോഡ് ഗൂഢമായ ഒരു രാഷ്ട്രീയ പദ്ധതിയാണെന്നും സാമുദായിക സൗഹാർദമാണ് രാജ്യം ഇന്ന് തേടുന്നതെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ ശിവ സുന്ദർ അഭിപ്രായപ്പെട്ടു. മുൻ അഡ്വക്കറ്റ് ജനറൽ പ്രഫ. രവിവർമ കുമാർ ചർച്ചയിൽ പങ്കാളിയായി. ബംഗളൂരു ഇൻഫൻട്രി റോഡിലെ കെ.എ.എസ് ഓഫിസേഴ്സ് അസോസിയേഷൻ ഹാളിൽ നടന്ന ചർച്ചയിൽ സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് വി. ഗോപാല ഗൗഡ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.