പട്ടികവർഗക്കാർക്കായി യൂനിവേഴ്സിറ്റി സ്ഥാപിക്കണം -പത്മശ്രീ സോമണ്ണ
text_fieldsബംഗളൂരു: പട്ടികവർഗക്കാർക്കായി പ്രത്യേക സർവകലാശാല സ്ഥാപിക്കുകയും ഗോത്രവർഗ വിഭാഗങ്ങൾ ഭൂമിയുടെ അവകാശികളാവുംവിധം വനാവകാശ നിയമം കാര്യക്ഷമമായി നടപ്പാക്കുകയും ചെയ്യണമെന്ന് പത്മശ്രീ സോമണ്ണ പറഞ്ഞു.
മൈസൂരു മുക്ത ഗംഗോത്രിയിൽ പട്ടികവർഗ യുവജനങ്ങൾക്കായി സംഘടിപ്പിച്ച ആശയ കൈമാറ്റ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര യുവജന-കായിക മന്ത്രാലയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, കർണാടക യുവജന വകുപ്പ്, കർണാടക ഓപൺ യൂനിവേഴ്സിറ്റി, സി.ആർ.പി.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി, ബി.എസ്.എഫ് എന്നിവ സംയുക്തമായി നടത്തുന്ന പരിപാടി ആഴ്ച തുടരും.
ജീവിത സായാഹ്നത്തിൽ എത്തിനിൽക്കെ രാഷ്ട്രം നൽകിയ ആദരം അധഃസ്ഥിത വർഗത്തിനായി നടത്തിയ പോരാട്ടത്തിനുള്ള അംഗീകാരമാണെന്ന് സോമണ്ണ പറഞ്ഞു. നിങ്ങളുടെ ഇന്നത്തെ ചെറുപ്പകാലത്തേക്കാൾ ഏറെ ക്ലേശം താണ്ടി വളർന്ന അനേകം പേരിൽ ഒരാളാണ് താൻ. അന്നം കിട്ടാത്ത, അടിമയെപ്പോലെ ജോലി ചെയ്ത അനാഥ ബാല്യം. നാലാം ക്ലാസ് മാത്രം വിദ്യാഭ്യാസം പിറന്ന വർഗത്തിന്റെ അവകാശങ്ങൾക്കായി പോരാടുന്നതിൽനിന്ന് തന്നെ പിറകോട്ട് വലിച്ചില്ല.
നിങ്ങൾ അറിവ് നേടി മുന്നേറുക. ഉന്നത വിദ്യാഭ്യാസ മേഖലയിൽ പിന്തള്ളപ്പെടാനുള്ള പഴുതുകൾ അടക്കാൻ പ്രത്യേക യൂനിവേഴ്സിറ്റി വേണം. വനാവകാശ നിയമം രേഖയിൽ പോര, ഭൂമിയിൽ പുലരണം എന്ന ബോധത്തോടെ പോരാടണമെന്ന് സോമണ്ണ പറഞ്ഞു. സി.എൻ. മഞ്ജെഗൗഡ എം.എൽ.സി, ജില്ല ഡെപ്യൂട്ടി കമീഷണർ ഡോ. കെ.വി. രാജേന്ദ്ര, നെഹ്റു യുവകേന്ദ്ര മേഖല ഡയറക്ടർ എം.എൻ. നടരാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.