മംഗളൂരു -ബംഗളൂരു റൂട്ടിൽ റെയിൽ, റോഡ് ഗതാഗതത്തിന് സുരക്ഷയില്ല; ജനം ഭീതിയിൽ
text_fieldsബംഗളൂരു: മംഗളൂരു- ബംഗളൂരു റൂട്ടിൽ റെയിൽ, റോഡ് മാർഗമുള്ള യാത്ര ഒട്ടും സുരക്ഷിതമല്ലെന്ന അവസ്ഥ ജനങ്ങളിൽ ഭീതിയുണർത്തുന്നു. മഴ കനത്തതോടെ മണ്ണിടിച്ചിൽ വ്യാപകമായതും യാത്രക്കാരെ അധികൃതർ അവഗണിക്കുന്നതുമാണ് കാരണം.
ചുരം പാതകളിൽ നേരത്തേ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിലനിൽക്കെ ശിരാദി, ചർമാദി ചുരങ്ങളിൽ വീണ്ടും മണ്ണിടിഞ്ഞിരുന്നു. കർണാടക, മഹാരാഷ്ട്ര, കേരളം, ഗോവ സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങൾ സഞ്ചരിക്കുന്ന ഷിരൂർ ദേശീയപാതയിലെ മണ്ണിടിച്ചിലിനെത്തുടർന്ന് തടഞ്ഞ ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചിട്ടുമില്ല.
മൂന്നിടങ്ങളിലാണ് അടുത്തടുത്ത ദിവസങ്ങളിൽ റെയിൽപാളത്തിൽ മണ്ണിടിഞ്ഞ് വീണത്. ഹാസനിലെ യെഡകുമെറി-ഗടഗരവള്ളി സ്റ്റേഷനുകൾക്കിടയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ബംഗളൂരു-മംഗളൂരു റൂട്ടിൽ ട്രെയിൻ ഗതാഗതം മുടങ്ങി.
ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചുമുള്ള ട്രെയിൻ സർവിസ് ഉൾപ്പെടെയാണ് മുടങ്ങിയത്. ശനിയാഴ്ച കണ്ണൂരിൽനിന്ന് മംഗളൂരു വഴി ബംഗളൂരുവിലേക്കുള്ള ട്രെയിൻ (16512) ഷൊർണൂർ-സേലം വഴി തിരിച്ചുവിട്ടു. കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസിന്റെ (16511) ശനി, ഞായർ ദിവസങ്ങളിലെ യാത്രയും കണ്ണൂർ-കെ.എസ്.ആർ ബംഗളൂരു എക്സ്പ്രസിന്റെ (16512) ഞായർ, തിങ്കൾ ദിവസങ്ങളിലെ യാത്രയും റദ്ദാക്കി.
വെള്ളിയാഴ്ച രാത്രി പുറപ്പെടുന്ന കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് (16511) സേലം, ഷൊർണൂർ വഴിയാണ് പോയത്. ശനിയാഴ്ച ഏഴും ഞായറാഴ്ച പതിമൂന്നും തിങ്കളാഴ്ച നാലും ട്രെയിൻ സർവിസുകളാണ് റദ്ദാക്കിയത്.
വെള്ളിയാഴ്ച രാത്രി വൈകിയുള്ള ട്രെയിനുകളും ഓടിയില്ല. മംഗളൂരു സെൻട്രൽ-വിജയപുര എക്സ്പ്രസ് (07378) സുബ്രഹ്മണ്യറോഡ് സ്റ്റേഷനിൽ പിടിച്ചിട്ടു. ഇതിലെ യാത്രക്കാർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തതായി റെയിൽവേ അറിയിച്ചു. യാത്രക്കാർക്ക് വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ കെ.എസ്.ആർ.ടി.സി ബസുകൾ ലഭ്യമാക്കി. ബംഗളൂരുവിലേക്ക് നാലും മൈസൂരുവിലേക്കും ഹാസനിലേക്കും സുബ്രഹ്മണ്യയിലേക്കും ഓരോന്നുമാണ് അനുവദിച്ചത്.
ഇതിനുപിന്നാലെ ശനിയാഴ്ച പുലർച്ച ഇതേ റൂട്ടിലുള്ള ഹാസൻ, ശാന്തിഗ്രാമ സ്റ്റേഷനുകൾക്കിടിയിലും മണ്ണിടിച്ചിലുണ്ടായി. ഒരു ചരക്കുവണ്ടിയുടെ എൻജിന് കേടുപറ്റി. മണ്ണും പാറക്കല്ലുകളും ഇടിഞ്ഞുവന്ന് എൻജിൻ ബോഗിയുടെ അടിഭാഗത്തിടിക്കുകയായിരുന്നു. പക്ഷേ, അപകടമൊഴിവായി. പുലർച്ച 5.40നാണ് സംഭവം. ഇതോടെ റൂട്ടിലെ ട്രെയിൻ ഗതാഗതം മുടങ്ങി. ഹാസനിൽനിന്ന് ഏഴുമണിക്ക് പുറപ്പെടേണ്ടിയിരുന്ന ഹാസൻ യശ്വന്തപുര ട്രെയിൻ (22680) 8.30നാണ് പുറപ്പെട്ടത്.
ഏഴുമണിയോടെ പാളത്തിൽനിന്ന് മണ്ണും പാറക്കല്ലുകളും നീക്കി. പാളം യാത്രക്ക് യോഗ്യമായെന്ന് റെയിൽവേ അറിയിച്ചെങ്കിലും വേഗം മണിക്കൂറിൽ 20 കിലോമീറ്ററായി ചുരുക്കാൻ നിർദേശിച്ചു. മണ്ണിടിഞ്ഞ് ഭാഗത്ത് തടസ്സം നീക്കാനല്ലാതെ ഇനിയും ഇടിയാൻ സാധ്യതയുള്ള ഇടങ്ങളുടെ കാര്യത്തിൽ നടപടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.