യു.ടി. ഖാദർ: കോൺഗ്രസിലെ ന്യൂനപക്ഷ മുഖം
text_fieldsയു.ടി. ഖാദർ
ബംഗളൂരു: നിലപാട് കൊണ്ടും ഇടപെടൽ കൊണ്ടും കർണാടക കോൺഗ്രസിലെ ന്യൂനപക്ഷ മുഖമായാണ് യു.ടി. ഖാദർ പരിഗണിക്കപ്പെടുന്നത്. കാവിക്കോട്ടയായ ദക്ഷിണ കന്നടയിൽ കോൺഗ്രസ് വേരിളകാതെ കാത്ത യു.ടി. ഖാദർ ഇത്തവണ ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും ഭീഷണി മറികടന്നാണ് 22790 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്. മംഗളൂരുവിൽനിന്ന് തുടർച്ചയായി അഞ്ചു തവണ നിയമസഭയിലെത്തിയ അദ്ദേഹം, 2013ലെ സിദ്ധരാമയ്യ സർക്കാറിൽ ഭക്ഷ്യമന്ത്രിയായിരുന്നു. 2022ൽ പ്രതിപക്ഷ ഉപനേതാവായും തെരഞ്ഞെടുക്കപ്പെട്ടു. യു.ടി. ഖാദർ സ്പീക്കറാവുന്നതോടെ മന്ത്രിയായ കെ.ജെ. ജോർജിന് പുറമെ മറ്റൊരു മലയാളികൂടി കർണാടകയിൽ ഭരണതലപ്പത്തേക്കെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. കാസർകോട് ഉപ്പള പള്ളം സ്വദേശിയായിരുന്ന പിതാവ് യു.ടി. ഫരീദ് 1972, 1978, 1999, 2004 തെരഞ്ഞെടുപ്പുകളിൽ ഉള്ളാൾ മണ്ഡലത്തിൽനിന്ന് (ഇപ്പോൾ മംഗളൂരു) എം.എൽ.എയായിരുന്നു. 2007ൽ പിതാവിന്റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പ് മുതൽ യു.ടി. ഖാദറും മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്നു. ഖാദറിന്റെ ഭാര്യ ലമീസ് കാസർകോട് ചട്ടഞ്ചാൽ സ്വദേശിയാണ്. മകൾ ഹവ്വ നസീമ ഖുർആൻ മനഃപാഠമാക്കിയതും സ്കൂൾവിദ്യാഭ്യാസം നടത്തിയതും കേരളത്തിൽനിന്നായിരുന്നു.
ബി.ജെ.പി ഭരണകാലത്ത് ന്യൂനപക്ഷങ്ങൾക്കുനേരെ നടന്ന അതിക്രമങ്ങളെയും സർക്കാറിന്റെ പക്ഷപാതപരമായ പ്രവർത്തനങ്ങളെയും നിയമസഭയിൽ ചോദ്യം ചെയ്ത ഖാദർ ഇതിന്റെ പേരിൽ സഭക്കകത്തും പുറത്തും ബി.ജെ.പി നേതാക്കളുടെ ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങൾക്കിരയായി. അതിവേഗത്തിൽ വർഗീയവത്കരിക്കപ്പെടുന്ന കർണാടകയുടെ തീരമേഖലയിൽ ഇരു സമുദായങ്ങൾക്കുമിടയിലെ പാലമായി പ്രവർത്തിക്കാൻ അഭിഭാഷകൻകൂടിയായ യു.ടി. ഖാദറിന് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ മന്ത്രിമാരുടെ പട്ടികയിലുണ്ടായിരുന്ന യു.ടി. ഖാദറിന് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ പിന്തുണയുണ്ടായിരുന്നെങ്കിലും സിദ്ധരാമയ്യ അനുകൂലിയായ സമീർ അഹമ്മദ് ഖാനാണ് അവസരം ലഭിച്ചത്. തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച വിവരപ്രകാരം, 3.41 കോടിയാണ് യു.ടി. ഖാദറിന്റെ ആസ്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.