വാല്മീകി കോർപറേഷൻ അഴിമതി; മുൻ മന്ത്രി ബി. നാഗേന്ദ്ര അറസ്റ്റിൽ
text_fieldsബംഗളൂരു: കർണാടക സർക്കാറിന് കീഴിലെ മഹർഷി വാല്മീകി പട്ടികജാതി വികസന കോർപറേഷനുമായി ബന്ധപ്പെട്ട അഴിമതി കേസിൽ കർണാടക മുൻ മന്ത്രി ബി. നാഗേന്ദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത നാഗേന്ദ്രയെ 13 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനുശേഷം അർധരാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കലിനെതിരായ കേസുകൾ കൈകാര്യം ചെയ്യുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ ശനിയാഴ്ച രാവിലെ നാഗേന്ദ്രയെ ഹാജരാക്കി. ജൂലൈ 18 വരെ പ്രതിയെ ഇ.ഡിയുടെ കസ്റ്റഡിയിൽ കോടതി വിട്ടുനൽകി.
സിദ്ധരാമയ്യ സർക്കാറിൽ സാമൂഹിക ക്ഷേമ മന്ത്രിയായിരുന്ന ബി. നാഗേന്ദ്ര അഴിമതി ആരോപണത്തെ തുടർന്ന് കഴിഞ്ഞ ജൂൺ ആറിനാണ് രാജിവെച്ചത്. വൻ ഭൂരിപക്ഷം നേടി അധികാരമേറ്റ കോൺഗ്രസ് സർക്കാറിൽനിന്ന് രാജിവെക്കുന്ന ആദ്യ മന്ത്രിയാണ് ബി. നാഗേന്ദ്ര. അദ്ദേഹം മന്ത്രിയായിരിക്കെ നടന്ന ഫണ്ട് തിരിമറി സംബന്ധിച്ചാണ് ഇ.ഡി അന്വേഷണം.
നാഗേന്ദ്രയുടെയും പട്ടിക ജാതിവികസന കോർപറേഷൻ ചെയർമാനും കോൺഗ്രസ് എം.എൽ.എയുമായ ബസനഗൗഡ ദൊഡ്ഡാലിന്റെയും ഓഫിസുകളിലും വസതികളിലും ഇ.ഡി നേരത്തേ റെയ്ഡ് നടത്തിയിരുന്നു. ഗോത്ര സമുദായങ്ങൾക്കുള്ള ഫണ്ട് കൈമാറ്റത്തിനും വിവിധ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി കർണാടക സർക്കാറിന് കീഴിൽ രൂപവത്കരിച്ചതാണ് മഹർഷി വാല്മീകി എസ്.ടി ഡെവലപ്മെന്റ് കോർപറേഷൻ.
ഇതിനു കീഴിലെ 94 കോടി രൂപ കർണാടകയിലെയും കർണാടകക്ക് പുറത്തെയും ചില ബാങ്കുകളിലേക്കും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലേക്കും മാറ്റിയതുമായി ബന്ധപ്പെട്ടാണ് കേസ്. കോർപറേഷനിലെ അക്കൗണ്ടിങ് സൂപ്രണ്ടായ പി. ചന്ദ്രശേഖറിനെ ശിവമൊഗ്ഗയിലെ വസതിയിൽ മേയ് 26ന് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. താൻ നിരപരാധിയാണെന്നും മന്ത്രി നാഗേന്ദ്രയടക്കം പല ഉന്നതരുടെയും സമ്മർദത്താലാണ് ഫണ്ട് വകമാറ്റിയതെന്നും ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചിരുന്നു. കോർപറേഷൻ എം.ഡി ജെ.ജി. പത്മനാഭ, അക്കൗണ്ട്സ് ഓഫിസർ ജി. പരസ്തുരാമ, യൂനിയൻ ബാങ്ക് ചീഫ് മാനേജർ സുചിഷ്മിത റാവൽ എന്നിവരുടെ പേരുകളും ആറ് പേജ് വരുന്ന കുറിപ്പിലുണ്ടായിരുന്നു.
കേസ് അന്വേഷിക്കാൻ സർക്കാർ രൂപവത്കരിച്ച എസ്.ഐ.ടി സംഘം കോർപറേഷൻ എം.ഡി ജെ.ജി. പത്മനാഭ, അക്കൗണ്ട്സ് ഓഫിസർ ജി. പരസ്തുരാമ, ഫസ്റ്റ് ഫിനാൻസ് ക്രെഡിറ്റ് കോഓപറേറ്റിവ് സൊസൈറ്റി ലിമിറ്റഡ് ചെയർമാൻ സത്യനാരായണ തുടങ്ങിയവരെ അറസ്റ്റ് ചെയ്തിരുന്നു. എം.ജി റോഡിലെ യൂനിയൻ ബാങ്കിലെ അക്കൗണ്ടിലാണ് കോർപറേഷന്റെ ഫണ്ട് സൂക്ഷിച്ചിരുന്നത്. അക്കൗണ്ടിൽനിന്ന് ഫണ്ട് മാറ്റിയതുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതർ നൽകിയ പരാതിയിൽ സി.ബി.ഐക്ക് കീഴിലെ ബാങ്കിങ് സെക്യൂരിറ്റീസ് ഫ്രോഡ് യൂനിറ്റും കേസെടുത്തിട്ടുണ്ട്. കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് പ്രതിപക്ഷമായ ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, വാല്മീകി കോർപറേഷനിൽ നടന്ന ക്രമക്കേടുകളെല്ലാം ബി.ജെ.പി കാലത്താണെന്നും ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം കർണാടക സർക്കാറിനെ കരിവാരിത്തേക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്നും അതിനെ രാഷ്ട്രീയമായി നേരിടുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.