മൈസൂരു-ചെന്നൈ യാത്രക്ക് ഇനി അതിവേഗം; വന്ദേഭാരത് ട്രെയിൻ പരീക്ഷണ ഓട്ടം നടത്തി
text_fieldsബംഗളൂരു: സെമി ഹൈ സ്പീഡ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ മൈസൂരു-ബംഗളൂരു-ചെന്നൈ റൂട്ടിലൂടെയുള്ള പരീക്ഷയോട്ടം നടത്തി. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കെ.എസ്.ആർ ബംഗളൂരുവിൽനിന്ന് വന്ദേഭാരത് ട്രെയിൻ ഫ്ലാഗ്ഓഫ് ചെയ്യും. ചെന്നൈ സെൻട്രലിൽനിന്ന് തിങ്കളാഴ്ച പുലർച്ച 5.50ന് പുറപ്പെട്ട ട്രെയിൻ ബംഗളൂരുവിൽ രാവിലെ 10.25ഓടെയാണ് എത്തിയത്.
മൈസൂരുവിൽ ഉച്ചക്ക് 12.30ഓടെയും എത്തി. മൈസൂരുവിൽനിന്ന് ഉച്ചക്ക് 1.05ന് തിരിക്കുന്ന ട്രെയിൻ കെ.എസ്.ആർ ബംഗളൂരുവിൽ 2.55നും ചെന്നൈയിൽ രാത്രി 7.35നുമാണ് എത്തുക. മൈസൂരുവിനും ചെന്നൈക്കും ഇടയിൽ 504 കിലോമീറ്ററാണ് ട്രെയിൻ താണ്ടുക. കെ.എസ്.ആർ ബംഗളൂരുവിലും തമിഴ്നാട്ടിലെ കട്പാടിയിലുമാണ് സ്റ്റോപ്പുള്ളത്. ചെന്നൈയിൽനിന്ന് മൈസൂരുവിലേക്ക് 6.40 മണിക്കൂറാണ് യാത്രാസമയം. മൈസൂരുവിൽനിന്ന് തിരിച്ച് ചെന്നൈയിലേക്ക് 6.30 മണിക്കൂറുമാണ് സമയം.
പൂർണമായും തദ്ദേശീയമായാണ് ട്രെയിൻ നിർമിച്ചിരിക്കുന്നത്. എല്ലാ കോച്ചുകളും പൂർണമായും ഓട്ടോമാറ്റിക് ഡോറുകളുള്ളവയാണ്. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജി.പി.എസ്) അടിസ്ഥാനമാക്കിയുള്ള പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, യാത്രയിലുടനീളം ഹോട്ട്സ്പോട്ട് വൈഫൈ എന്നിവ ട്രെയിനിന്റെ പ്രത്യേകതയാണ്. ഇത് രാജ്യത്തെ അഞ്ചാമത് വന്ദേഭാരത് ട്രെയിനാണ്. 75 മുതൽ 77 കിലോമീറ്റർ വരെയാണ് മൈസൂരു-ബംഗളൂരു-ചെന്നൈ ട്രെയിനിന്റെ വേഗം. ഇത്തരത്തിൽ നോക്കുമ്പോൾ രാജ്യത്തെ മറ്റു വന്ദേഭാരത് ട്രെയിനുകളെക്കാൾ വേഗത്തിൽ പിന്നിലാണിവൻ. യഥാർഥത്തിൽ മണിക്കൂറിൽ 160 മുതൽ 180 വരെ കിലോമീറ്റർ വേഗത്തിൽ ട്രെയിനിന് ഓടാൻ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.