‘വയലാർ കാലാതിവർത്തിയായ സാർവലൗകികതയുടെ കവി’
text_fieldsബംഗളൂരു: വയലാർ കാലാതിവർത്തിയായ സാർവലൗകികതയുടെ കവിയാണെന്ന് എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ബി.എസ്. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സംഘടിപ്പിച്ച വയലാർ അനുസ്മരണ സെമിനാറിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സവിശേഷമായ ഒരുതരം പ്രവചനാത്മകതയായിരുന്നു വയലാർ രാമവർമയുടെ കവിതയുടെ മുഖമുദ്ര. പല തലമുറകളിലൂടെ കാലത്തെ അതിശയിപ്പിച്ച പ്രതിഭാസമാണ് വയലാറിന്റെ കാവ്യലോകം. കാൽപനികതയും തത്ത്വചിന്തയും ശാസ്ത്രചിന്തയും പ്രണയവും ഭക്തിയും വിപ്ലവവുമെല്ലാം ഉൾച്ചേർന്ന സാർവലൗകികതയാണ് അദ്ദേഹത്തിന്റെ രചനകളെ അനശ്വരമാക്കി നിലനിർത്തിയത്. വിഭജനകാലത്ത് ഇന്ത്യയുടെ രാഷ്ട്രശരീരത്തിൽ ആഴത്തിലേറ്റ മുറിവുകൾ വയലാറിനെ വേദനിപ്പിച്ചിരുന്നു. ഇക്കാലഘട്ടത്തിൽ തന്നെ ഇവിടെ വിതയ്ക്കപ്പെട്ട വംശീയതയുടെ വിഷവിത്തുകളെയും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. ഇതിനെയെല്ലാം സംബന്ധിക്കുന്ന കൃത്യമായ മുന്നറിയിപ്പുകൾ അദ്ദേഹത്തിന്റെ കവിതകളിലും ഗാനങ്ങളിലും പ്രകടമാണ്. ഇന്നലെയുടെയും ഇന്നിന്റെയും മാത്രമല്ല, നാളെയുടെയും കവിയാണ് വയലാർ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആർ.വി. പിള്ള ചർച്ച ഉദ്ഘാടനം ചെയ്തു. പി. മോഹൻദാസ് അധ്യക്ഷതവഹിച്ചു. ചർച്ചയിൽ ആർ.വി. ആചാരി, കെ.ആർ. കിഷോർ, സുദേവൻ പുത്തൻചിറ, ശാന്തകുമാർ എലപ്പുള്ളി, ഉമേഷ് ശർമ എന്നിവർ സംസാരിച്ചു. കൃഷ്ണമ്മ ടീച്ചർ, തങ്കമ്മ സുകുമാരൻ, പൊന്നമ്മ ദാസ്, കൽപന പ്രദീപ്, കെ.പി. ഗോപാലകൃഷ്ണൻ, ഇ.ആർ. പ്രഹ്ലാദൻ, മോഹൻദാസ് എന്നിവർ വയലാറിന്റെ കവിതകളും ഗാനങ്ങളും ആലപിച്ചു. പി.പി. പ്രദീപ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.