വീരപ്പന്റെ സഹായി സ്റ്റെല്ല മേരിയെ ജുവനൈൽ ബോർഡ് കുറ്റവിമുക്തയാക്കി
text_fieldsബംഗളൂരു: വീരപ്പന്റെ സഹായിയെന്ന പേരിൽ കർണാടക പൊലീസ് അറസ്റ്റ് ചെയ്ത സ്റ്റെല്ല മേരിയെ (44) ജുവനൈൽ ജസ്റ്റിസ് ബോർഡ് കുറ്റവിമുക്തയാക്കി. ചാമരാജ് നഗറിലെ മാർത്തള്ളി ഗ്രാമത്തിൽ നിന്ന് 2020 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്റ്റെല്ല മേരി, കേസിനാസ്പദമായ സംഭവങ്ങൾ നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായിരുന്നു എന്നതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് കീഴിലായിരുന്നു കേസ് പരിഗണിച്ചിരുന്നത്.
1992ൽ വീരപ്പന്റെ നേതൃത്വത്തിൽ നടന്ന രാംപുര പൊലീസ് സ്റ്റേഷൻ ആക്രമണത്തിലും 1993ൽ നടന്ന പാലാർ സ്ഫോടനക്കേസിലും സ്റ്റെല്ല മേരിക്ക് പങ്കുണ്ടായിരുന്നെന്നാണ് പൊലീസ് വാദം.
2020 ഫെബ്രുവരിയിൽ അറസ്റ്റിലായ സ്റ്റെല്ലയെ രണ്ടു മാസങ്ങൾക്കുശേഷം 2020 ഏപ്രിലിൽ ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ, സംഭവങ്ങൾ നടക്കുമ്പോൾ സ്റ്റെല്ല പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായിരുന്നതിനാൽ അറസ്റ്റിനുശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ പാർപ്പിക്കുന്നതിനെ ബാലാവകാശ സംരക്ഷണ പ്രവർത്തകർ ചോദ്യം ചെയ്തതിനെ തുടർന്നാണ് ചാമരാജ് നഗർ ജില്ല സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. തുടർന്ന് കേസ് ജില്ല സെഷൻസ് കോടതിയിൽനിന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറി.
രാംപുര പൊലീസ് സ്റ്റേഷൻ ആക്രമണവും പാലാർ സ്ഫോടനവും നടക്കുമ്പോൾ സ്റ്റെല്ല മേരിക്ക് വെറും 14ഉം 15ഉം വയസ്സാണുണ്ടായിരുന്നതെന്ന് പ്രതിഭാഗം അഭിഭാഷകനായ പി.പി. ബാബുരാജ് വാദിച്ചു. കേസിൽ സ്റ്റെല്ലയുടെ പ്രായം തെളിയിക്കാൻ റേഡിയോളജിക്കൽ പരിശോധന നടത്തിയിരുന്നു. പ്രസ്തുത സംഭവങ്ങൾ നടക്കുമ്പോൾ സ്റ്റെല്ലക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ചാമരാജ് നഗർ ജില്ല ആശുപത്രിയിലെ സർജൻ നൽകിയ പരിശോധന റിപ്പോർട്ടും ചൂണ്ടിക്കാട്ടിയിരുന്നു. സ്കൂൾ രേഖകൾ പ്രകാരം സ്റ്റെല്ലയുടെ പേര് എലിസബത്ത് റാണി എന്നായിരുന്നു. ബാലികയായിരിക്കുമ്പോൾ വീരപ്പന്റെ സംഘാംഗങ്ങൾ അവളെ തട്ടിക്കൊണ്ടുപോയിരുന്നതായും സംഘത്തിലെ സുന്ദ വേലയാൻ എന്നയാളെ പിന്നീട് അവൾ വിവാഹം കഴിക്കുകയായിരുന്നെന്നും ഇയാൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായും അഡ്വ. പി.പി. ബാബുരാജ് ചൂണ്ടിക്കാട്ടി.
വാദം കേട്ട ജുവനൈൽ ജസ്റ്റിസ് ബോർഡ്, ടാഡ നിയമത്തിനുപുറമെ ഐ.പി.സിയിലെ വിവിധ വകുപ്പുകളടക്കം സ്റ്റെല്ലക്കെതിരായി ചുമത്തിയ എല്ലാ കുറ്റങ്ങളും ഒഴിവാക്കി വെറുതെ വിടുകയായിരുന്നു.
27 വർഷത്തെ ഒളിവുജീവിതത്തിന് ശേഷമാണ് സ്റ്റെല്ല ചാമരാജ് നഗറിലെ കൊല്ലഗലിൽനിന്ന് പിടിയിലായത്. 1993 മുതൽ സ്റ്റെല്ല ഒളിവിലായിരുന്നു. 2004 ഒക്ടോബർ 18നാണ് വീരപ്പനും മൂന്ന് കൂട്ടാളികളും തമിഴ്നാട് ടാസ്ക് ഫോഴ്സിന്റെ വെടിയേറ്റു കൊല്ലപ്പെടുന്നത്. വീരപ്പന്റെ മരണശേഷം കർണാടക പൊലീസ് സ്റ്റെല്ലക്കുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. ഒളിവിലായിരുന്ന സ്റ്റെല്ല ജാഗേരി സ്വദേശി വേലുസ്വാമിയെ വിവാഹം കഴിച്ച് കുടുംബജീവിതം നയിച്ചുവരുന്നതിനിടെയാണ് പിടിയിലാവുന്നത്. സ്റ്റെല്ലയുടെ കൃഷിയിടത്തിലെ കരിമ്പുതോട്ടത്തിൽ കാട്ടാനയിറങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സ്റ്റെല്ലയെ പൊലീസ് കണ്ടെത്തുന്നത്.
കാട്ടാനയെ തുരത്താൻ സ്റ്റെല്ല നാടൻ തോക്കുപയോഗിച്ച് വെടിവെച്ചിരുന്നു. തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം സ്റ്റെല്ലക്ക് എങ്ങനെ ലഭിച്ചുവെന്ന അന്വേഷണത്തിൽനിന്നാണ്, മുമ്പ് താൻ വീരപ്പന്റെ സംഘാംഗമായിരുന്നെന്ന് അവർ വെളിപ്പെടുത്തിയത്. 14 വയസ്സുള്ളപ്പോഴായിരുന്നു താൻ സംഘത്തിൽ ചേർന്നതെന്നും രണ്ടു വർഷത്തിനുശേഷം സംഘത്തിൽനിന്ന് വിട്ടുപോയതായും അവർ പൊലീസിനോട് പറഞ്ഞു. പിന്നീടാണ് ജാഗേരിയിലെ വേലുസ്വാമിയുമൊത്ത് കുടുംബവും കൃഷിയുമായി കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.