വാഹന ബന്ദ് പാതിവഴിയിൽ പിൻവലിച്ചു
text_fieldsബംഗളൂരു: നഗരത്തിൽ പ്രൈവറ്റ് ട്രാൻസ്പോർട്ട് ഫെഡറേഷൻ തിങ്കളാഴ്ച നടത്തിയ വാഹന ബന്ദ് പാതിവഴിയിൽ പിൻവലിച്ചു. ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുമായി തിങ്കളാഴ്ച നടത്തിയ ചർച്ചയെ തുടർന്നാണിത്. തിങ്കളാഴ്ച പുലർച്ച മുതൽ അർധരാത്രിവരെയായിരുന്നു ബന്ദ് തീരുമാനിച്ചിരുന്നത്. എന്നാൽ, ഉച്ചക്ക് 2.30ഓടെ പിൻവലിച്ചു.
അതേസമയം, ബന്ദ് പലേടത്തും അക്രമാസക്തമായി. സർവിസ് നടത്തിയ ഒല, ഉബർ കാറുകൾക്കുനേരെ ആക്രമണമുണ്ടായി. പല വാഹനങ്ങളുടെയും ചില്ലുകൾ അടിച്ചുതകർത്തു. ഡ്രൈവർമാരെയും യാത്രക്കാരെയും സമരക്കാർ കൈയേറ്റംചെയ്തു. ഓട്ടോകളുടെ കാറ്റഴിച്ചുവിട്ടു. യാത്രക്കാർ ആവശ്യത്തിന് വാഹനങ്ങൾ ലഭിക്കാതെ വലഞ്ഞു. ഇത് കണക്കിലെടുത്ത് ബി.എം.ടി.സി അധിക സർവിസുകൾ നടത്തിയത് അൽപം ആശ്വാസമായി. 4,000 സർവിസുകളുമായി 500 അധിക ബസുകളാണ് ബി.എം.ടി.സി തിങ്കളാഴ്ച നിരത്തിലിറക്കിയത്. ബംഗളൂരു വിമാനത്താവളത്തിലേക്ക് 100 അധിക സർവിസുകളും ഏർപ്പെടുത്തി.
32 പ്രൈവറ്റ് ട്രാൻസ്പോർട്ട് യൂനിയനുകൾ ഉൾപ്പെടുന്ന പ്രൈവറ്റ് ട്രാൻസ്പോർട്ട് ഫെഡറേഷന്റെ നേതൃത്വത്തിൽ മെജസ്റ്റിക് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഫ്രീഡം പാർക്ക് വരെ വാഹനങ്ങൾ അണിനിരത്തി പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഇതോടെ ഈ മേഖലയിലെ റോഡുകൾ പൂർണമായും ഗതാഗതക്കുരുക്കിലായി. സ്വകാര്യ ബസുകളും ഏറക്കുറെ ഓട്ടോ-കാബ് സർവിസുകളും പണിമുടക്കിയതോടെ പ്രധാന റോഡുകളിലെല്ലാം തിരക്കൊഴിഞ്ഞു.
പ്രതിഷേധക്കാർ ഉന്നയിച്ച 30 ആവശ്യങ്ങളിൽ മൂന്നെണ്ണം ഒഴികെ മറ്റെല്ലാം അംഗീകരിക്കാമെന്ന് ഗതാഗതമന്ത്രി അറിയിച്ചതോടെയാണ് ഉച്ചയോടെ ബന്ദ് പിൻവലിച്ചത്. വനിതകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന കർണാടക സർക്കാറിന്റെ ശക്തി പദ്ധതി പിൻവലിക്കുക, ശക്തി പദ്ധതിക്കുപകരം ഓട്ടോ തൊഴിലാളികൾക്ക് മാസംതോറും ഗ്രാൻഡ് അനുവദിക്കുക, 10 മുതൽ 15 ലക്ഷം വരെ വിലവരുന്ന വാഹനങ്ങളെ ആജീവനാന്ത ടാക്സിൽനിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ട്രാൻസ്പോർട്ട് ഓപറേറ്റർമാർക്കായി വികസന അതോറിറ്റി വേണമെന്നതാണ് ആവശ്യങ്ങളിലൊന്ന്. കെംപഗൗഡ വിമാനത്താവളത്തിൽ ഇന്ദിര കാന്റീൻ വേണമെന്നതാണ് മറ്റൊരാവശ്യം. ഇതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ബി.ബി.എം.പിയോട് നിർദേശിച്ചതായി ഗതാഗതമന്ത്രി പറഞ്ഞു. ട്രാൻസ്പോർട്ട് ഓപറേറ്റർമാർക്കായി ഭവനസൗകര്യങ്ങൾ വേണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇക്കാര്യം ഭവന വകുപ്പ് മന്ത്രിയായ സമീർ അഹമ്മദ് ഖാന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. സമരക്കാരുമായുള്ള ചർച്ചയുടെ വിശദവിവരങ്ങൾ ചൊവ്വാഴ്ച പുറത്തുവിടുമെന്നും മന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി.
ബന്ദിൽ നാശനഷ്ടമുണ്ടായവർക്ക് പരാതിപ്പെടാം
ബംഗളൂരു: പ്രൈവറ്റ് ട്രാൻസ്പോർട്ട് ഫെഡറേഷൻ തിങ്കളാഴ്ച ബംഗളൂരു നഗരത്തിൽ നടത്തിയ വാഹന ബന്ദിനിടെ അക്രമത്തിനിരയാവുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തവർ അടുത്തുള്ള സ്റ്റേഷനിൽ പരാതി നൽകണമെന്ന് ബംഗളൂരു പൊലീസ് അറിയിച്ചു. തിങ്കളാഴ്ച പകൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ നഗരത്തിൽ വിവിധയിടങ്ങളിലായി പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. ഓട്ടോക്കു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ എസ്.ജെ പാർക്കിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.
ചിക്കജാലയിൽ കാറിനു നേരെ കല്ലെറിഞ്ഞ കേസിൽ വിജയ് കുമാർ എന്നയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. താൻ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനിയുടെ കാറിനുനേരെ മുട്ടയെറിയാൻ സുഹൃത്തുക്കളെ പ്രേരിപ്പിച്ച സംഭവത്തിൽ കാബ് ഡ്രൈവറെ കുമാരസ്വാമി പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.