വി.എച്ച്.പി ഓഫിസ് ഭൂമി പൂജക്കെത്തിയ ബി.ജെ.പി നേതാവിനെ തടഞ്ഞു
text_fieldsമംഗളൂരു: വിശ്വ ഹിന്ദു പരിഷത്ത് ദക്ഷിണ കന്നട ജില്ല കമ്മിറ്റിയുടെ പുതിയ കെട്ടിട നിർമാണ ഭൂമി പൂജ ചടങ്ങിനെത്തിയ ബി.ജെ.പി നേതാവ് അരുൺ കുമാർ പുത്തിലയെ തടഞ്ഞത് സംഘർഷം സൃഷ്ടിച്ചു. പുത്തൂരിൽ ബുധനാഴ്ച എസ്.ഡി.സി ബാങ്ക് പരിസരത്ത് കുക്കെ സുബ്രഹ്മണ്യ നരസിംഹ സ്വാമി സംപുട മഠാധിപതി സ്വാമി വിദ്യപ്രസന്ന തീർഥ ഭൂമിപൂജ നിർവഹിച്ച ചടങ്ങിലേക്കാണ് പുത്തിലയും മൂന്ന് സഹപ്രവർത്തകരും വന്നത്. പുത്തില കാറിൽനിന്ന് ഇറങ്ങിയ ഉടൻ ദിനേശ് പഞ്ചിഗ, ശ്രീധർ തെങ്കില, ജയന്ത് ബൽനാട്, ജിതേഷ് ബൽനാട് എന്നിരുടെ നേതൃത്വത്തിൽ വി.എച്ച്.പി, ബജ്റംഗ്ദൾ, ഹിന്ദു ജാഗരണ വേദി പ്രവർത്തകർ വളഞ്ഞു.
ഇതു കണ്ട് കുതിച്ചെത്തിയ ബി.ജെ.പി പുത്തൂർ സിറ്റി യൂനിറ്റ് ജനറൽ സെക്രട്ടറി അനിൽ തെങ്കില പുത്തിലയെ തടയാൻ ആർക്കാണ് ധൈര്യം എന്ന വെല്ലുവിളിയോടെ തർക്കത്തിൽ ഏർപ്പെട്ടു. വിദ്യപ്രസന്ന സ്വാമി സാന്നിധ്യം നൽകുന്ന മണ്ണിൽ സംഘർഷം ഒഴിവാക്കണം എന്ന അഭ്യർഥനയുമായി രംഗത്തുവന്ന മുതിർന്ന വി.എച്ച്.പി നേതാവ് യു. പൂവപ്പ അരുൺകുമാർ പുത്തിലയെ ചടങ്ങിലേക്ക് ആനയിച്ചു. പുത്തൂർ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, കോൺസ്റ്റബ്ൾമാർ ക്രമസമാധാന പാലനത്തിനായി സ്ഥലത്തെത്തി.
കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ രൂപപ്പെട്ട ഭിന്നതയുടെ തുടർച്ചയാണ് പുത്തിലയെ തടഞ്ഞ സംഭവമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പുത്തൂർ മണ്ഡലത്തിൽ നിയമസഭ സീറ്റ് മോഹിയായിരുന്നു അരുൺകുമാർ പുത്തില. അദ്ദേഹത്തിന് സീറ്റ് നിഷേധിച്ച പാർട്ടി ആശ തിമ്മപ്പ എന്ന വനിതക്കാണ് ടിക്കറ്റ് നൽകിയിരുന്നത്.
ഇതിൽ പ്രതിഷേധിച്ച് പുത്തില റെബൽ സ്ഥാനാർഥിയായി. പുത്തില പരിവാർ എന്ന കൂട്ടായ്മ രൂപവത്കരിച്ച് പ്രവർത്തിച്ച അരുൺകുമാർ കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ബി.ജെ.പി മൂന്നാമതായി. ബി.ജെ.പി സംസ്ഥാന അധ്യക്ഷനും ദക്ഷിണ കന്നട എം.പിയുമായിരുന്ന നളിൻ കുമാർ കട്ടീലാണ് തനിക്ക് പുത്തൂർ മണ്ഡലം സീറ്റ് നിഷേധിച്ചതെന്ന വിരോധമാണ് അനിൽ കുമാർ സൂക്ഷിച്ചിരുന്നത്.
കട്ടീലിന് ബി.ജെ.പി അധ്യക്ഷസ്ഥാനം നഷ്ടമാവുകയും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ദക്ഷിണ കന്നട സിറ്റിങ് സീറ്റ് നിഷേധിക്കുകയും ചെയ്തിരുന്നു. ഇതോടെ നിരുപാധികമായി തിരിച്ചെത്തിയ പുത്തിലയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര സ്വാഗതം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.