വിക്രമും സംഘവും സേനയെ വെട്ടിച്ച് കുടക്, ദക്ഷിണ കന്നട വനങ്ങൾ താണ്ടി
text_fieldsമംഗളൂരു: ദക്ഷിണ കന്നട -കുടക് ജില്ല അതിർത്തിയിൽ മടിക്കേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ സുബ്രഹ്മണ്യക്കടുത്ത കൂജിമല എസ്റ്റേറ്റിൽ കഴിഞ്ഞ ഫെബ്രുവരിയിലും മാർച്ചിലും, തുടർന്ന് ഏപ്രിലിൽ മംഗളൂരുവിനടുത്ത കഡബ പുത്തൂരിലും വിക്രം ഗൗഡയും സംഘവും പ്രത്യക്ഷപ്പെട്ടെങ്കിലും നക്സൽ വിരുദ്ധ സേനയെ വെട്ടിച്ച് വനമേഖലയിൽ മറയുകയായിരുന്നു.
കൂജിമല എസ്റ്റേറ്റിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന സംഘം ഒരു സന്ധ്യവേളയിൽ സാധനങ്ങൾ വാങ്ങി മടങ്ങിയെന്ന പലചരക്ക് കടയുടമയുടെ മൊഴി പിന്തുടർന്നായിരുന്നു സേന അന്വേഷണം ആരംഭിച്ചത്. വനപാലകരുടെ വേഷത്തിൽ റൈഫിൾ ധാരികളായി വന്ന സംഘം വനം ഉദ്യോഗസ്ഥർ എന്നായിരുന്നു പരിചയപ്പെടുത്തിയത്. വനംവകുപ്പ് ഓഫിസ് ഭാഗത്തിലൂടെയാണ് തിരിച്ചുപോയതും. നാല് സഹപ്രവർത്തകർ വനത്തിലെ മുറിയിൽ താമസിക്കുന്നുണ്ടെന്ന് കന്നടയിലും മലയാളത്തിലും സംസാരിച്ച സംഘം കടയുടമയോട് പറഞ്ഞിരുന്നു. പിറ്റേന്ന് കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ തനിക്ക് പരിചയമുള്ള വനപാലകരോട് തലേന്ന് വന്നവരെക്കുറിച്ച് രാമലിഗം പറയുകയായിരുന്നു. വനപാലകർ ഉന്നത ഉദ്യോഗസ്ഥർക്ക് വിവരം നൽകിയതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. കാർക്കള നക്സൽ വിരുദ്ധ സേനയിലെ 60 അംഗങ്ങൾ ഉൾപ്പെട്ട സംഘത്തെയാണ് അന്ന് കൂജിമല മേഖലയിൽ എ.എൻ.എഫ് (ആന്റി നക്സൽ ഫോഴ്സ്) വിഭാഗം ഡിവൈ.എസ്.പി രാഘവേന്ദ്രയുടെ നേതൃത്വത്തിൽ വിന്യസിച്ചത്.
കൂജിമല, കടമക്കല്ല്, ഉപ്പുകല മേഖലയിൽ അരിച്ചുപെറുക്കിയിട്ടും വിക്രം ഗൗഡ, ജിഷ, ലത, സന്തോഷ് എന്നീ മാവോവാദികളെ സേനക്ക് പിടികൂടാനായിരുന്നില്ല. കുടക് ജില്ല പൊലീസ് സൂപ്രണ്ട് രാമരാജൻ, മടിക്കേരി സർക്ൾ ഇൻസ്പെക്ടർ ഉമേഷ് ഉപ്പലികെ, സബ് ഇൻസ്പെക്ടർ സുബ്രഹ്മണ്യ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും കൂജിമലയിൽ തങ്ങി നക്സൽ വേട്ട ദൗത്യത്തിൽ പങ്കാളികളായിരുന്നു. ആറംഗ സംഘമാണ് ഏപ്രിലിൽ ദക്ഷിണ കന്നട ജില്ലയിൽ കഡബ താലൂക്കിലെ കുബാരു ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. രാത്രി വീട്ടിൽ ചെന്ന് ആഹാരം വാങ്ങി കഴിച്ച ആയുധധാരികളായ സംഘം കാട്ടിലേക്ക് മടങ്ങി. സംഭവം അറിഞ്ഞ് പൊലീസ് വീട്ടുകാരിൽനിന്ന് മൊഴിയെടുത്തിരുന്നു. നക്സൽ വിരുദ്ധ സേനയും വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. തോട്ടം തൊഴിലാളികൾ അവരുടെ പാർപ്പിടങ്ങളിൽ കയറി വാതിൽ അടച്ചതോടെയായിരുന്നു സംഘം എത്തിയത്. തോട്ടം ഉടമയുടെ വീട്ടുകാരുമായി മണിക്കൂറോളം സംസാരിച്ച് തിരിച്ചു പോയെന്നായിരുന്നു തൊഴിലാളികൾ പൊലീസിനോട് പറഞ്ഞത്. ചിക്കമഗളൂരു വനത്തിൽ 2005 ഫെബ്രുവരിയിൽ കർണാടക പൊലീസ് വെടിവെച്ചു കൊന്ന മാവോവാദി നേതാവായിരുന്ന സകേത് രാജന്റെ രക്തസാക്ഷിത്വ സ്മരണക്കായി ‘റെഡ് സല്യൂട്ട് ഡേ’ ആഘോഷിക്കാൻ വിക്രമും സംഘവും ഒരുക്കങ്ങൾ നടത്തുന്നതായി വിവരം ലഭിച്ച ആന്റി നക്സൽ സേന ഉഡുപ്പിയിലും, ചിക്കമഗളൂരുവിലും അഞ്ചു ദിവസം വലവിരിച്ചിരുന്നു.
വിക്രം കീഴടങ്ങിയില്ല; മരണം ഏറ്റുമുട്ടലിൽ -ഡി.ഐ.ജി ഡി. രൂപ
മംഗളൂരു: കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടിട്ടും ആയുധം താഴെയിടാതെ നക്സൽ നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടുകയായിരുന്നെന്ന് ആഭ്യന്തര സുരക്ഷ വിഭാഗം ഡി.ഐ.ജി ഡി. രൂപ പറഞ്ഞു. ഉഡുപ്പി ജില്ലയിൽ വിക്രം കൊല്ലപ്പെട്ട ഹെബ്രി വനമേഖല സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. നക്സൽ വിരുദ്ധ സേന (എ.എൻ.എഫ്) ഡി.വൈ.എസ് പി ജിതേന്ദ്ര ദയാന്റെ നേതൃത്വത്തിൽ ഈ മാസം 10 മുതൽ വിക്രമിനായി വലവിരിച്ച് നിതാന്ത ജാഗ്രതയിലായിരുന്നു. സേനക്ക് അഭിമാനമാണ് വിക്രമിന്റെ അന്ത്യം. കർണാടകയിൽ അയാൾക്കെതിരെ കൊലപാതകം ഉൾപ്പെടെ 61 കേസുകളുണ്ട്. കേരളത്തിൽ 19 കേസുകളും. മൃതദേഹം ഉഡുപ്പി കെ.എം.സി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. അന്വേഷണം തുടരുമെന്ന് ഡി.ഐ.ജി പറഞ്ഞു. വെസ്റ്റേൺ റേഞ്ച് ഐ.ജി അമിത് സിങ്, ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.