വീണ്ടും ഉയർന്ന് മൃദുവായിറങ്ങി ലാൻഡർ
text_fieldsബംഗളൂരു: ചന്ദ്രനിൽ പര്യവേക്ഷണത്തിനായുള്ള ചന്ദ്രയാൻ-3 ദൗത്യത്തിൽ അവസാന പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി വിക്രം ലാൻഡർ. ദക്ഷിണ ധ്രുവത്തിൽ മൃദു ഇറക്കം (സോഫ്റ്റ് ലാൻഡിങ്) നടത്തി ചരിത്രംകുറിച്ച ലാൻഡർ ഒരു വട്ടംകൂടി മൃദു ഇറക്കം ഭംഗിയായി നിർവഹിച്ചു.
ലാൻഡർ നിന്നിരുന്ന ശിവശക്തി പോയന്റിൽനിന്ന് പേടകത്തിലെ ത്രസ്റ്റർ എൻജിനുകൾ ജ്വലിപ്പിച്ച് 40 സെന്റിമീറ്റർ ഉയർന്നുപൊങ്ങിയശേഷം 30-40 സെന്റിമീറ്റർ മാറിയാണ് മൃദു ഇറക്കം നടത്തിയത്. ഞായറാഴ്ച നടത്തിയ ഹോപ് എക്സ്പിരിമെന്റിന്റെ വിഡിയോ ദൃശ്യം ലാൻഡറിലെ കാമറ പകർത്തിയത് സമൂഹമാധ്യമമായ എക്സിൽ ഐ.എസ്.ആർ.ഒ പങ്കുവെച്ചു. ലാൻഡർ ഉയരുമ്പോൾ ചന്ദ്രോപരിതലത്തിൽ പൊടിപടലങ്ങളുയരുന്നതും ലാൻഡർ നീങ്ങുന്നതിന്റെ നിഴലും വിഡിയോ ദൃശ്യത്തിൽ കാണാം. ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക്കിൽ (ഇസ്ട്രാക്) നിന്നുള്ള നിർദേശമനുസരിച്ചായിരുന്നു ലാൻഡറിന്റെ പ്രവൃത്തി.
ഭാവിയിലെ ചാന്ദ്രപര്യവേക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രതീക്ഷയും ഊർജവും പകരുന്നതാണ് ഈ പ്രക്രിയ. ചന്ദ്രനിൽനിന്നുള്ള പര്യവേക്ഷണ സാമ്പിളുകൾ ഭൂമിയിൽ തിരികെ എത്തിക്കാനും ചന്ദ്രനിലേക്കുള്ള മനുഷ്യസഞ്ചാരത്തിനും ഇത് നിർണായകമാണെന്ന് ഐ.എസ്.ആർ.ഒ ചൂണ്ടിക്കാട്ടുന്നു. യു.എസ്.എയുടെ ബഹിരാകാശ ഏജൻസിയായ നാസ മാത്രമാണ് ചന്ദ്രനിൽ പേടകത്തെ രണ്ടാം മൃദു ഇറക്കം നടത്തിയിട്ടുള്ളത്.
പുതിയ ഇടത്തിൽ ലാൻഡറിലെ എല്ലാ സംവിധാനങ്ങളും സാധാരണപോലെ പ്രവർത്തനക്ഷമമാണെന്ന് ഇസ്റോ അറിയിച്ചു. ചന്ദ്രപ്രതലത്തിൽ തൊട്ടുനിന്നിരുന്ന പേലോഡുകളായ ചാസ്തെ, ഇൽസ എന്നിവ പരീക്ഷണങ്ങൾ പൂർത്തിയാക്കി ലാൻഡറിനകത്തേക്കു കയറി. റോവറിന് ഇറങ്ങാനായി റാംപായി മാറിയ സൈഡ് പാനലുകളും ലാൻഡർ മടക്കിവെച്ചു. തിങ്കളാഴ്ച രാവിലെ എട്ടോടെ ലാൻഡർ പൂർണമായും സ്ലീപ്പിങ് മോഡിലേക്കു മാറി. ലാൻഡറിലെ റസീവറും ലേസർ റെട്രോറിഫ്ലക്ടർ അറേ (എൽ.ആർ.എ) എന്ന ഉപകരണവും ലാൻഡറിൽ ഉണർന്നിരിക്കും.
ലാൻഡറിന്റെ സ്ഥാനം കണ്ടെത്താൻ സഹായിക്കുന്ന ഉപകരണമായ എൽ.ആർ.എ, ചന്ദ്രനോട് അടുത്ത ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന പേടകങ്ങളിൽനിന്നുള്ള ലേസർ പ്രകാശത്തെ പ്രതിഫലിപ്പിക്കും. അതുവഴി പേടകത്തിൽനിന്ന് ലാൻഡറിലേക്കുള്ള ദൂരവും ലാൻഡറിന്റെ സ്ഥാനവും കണ്ടെത്താനാവും. ചന്ദ്രോപരിതലത്തിൽ പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് വാഹനമായ പ്രഗ്യാൻ റോവർ ലാൻഡറിൽനിന്ന് 100 മീറ്റർ മാറിയാണുള്ളത്. റോവറിനെ ശനിയാഴ്ച സ്ലീപ്പിങ് മോഡിലേക്കു മാറ്റിയിരുന്നു.
സോളാർ പാനലുകൾ വഴി ഊർജം സ്വീകരിച്ച് പ്രവർത്തിക്കുന്ന ലാൻഡറും റോവറും ബാറ്ററികളിൽ പരമാവധി ഊർജം സംഭരിച്ചാണ് നിദ്രയിലേക്കു നീങ്ങിയത്. ചന്ദ്രനിൽ പകൽ അസ്തമിച്ചതിനാൽ ഒരു ചാന്ദ്രരാത്രി ഇവക്ക് വിശ്രമമാണ്. മൈനസ് 200 ഡിഗ്രിയിലേക്ക് താപനില താഴുന്ന രാത്രിയെ അതിജീവിച്ച് സെപ്റ്റംബർ 22ന് അടുത്ത പുലരിയിൽ പ്രകാശം പതിക്കുമ്പോൾ ലാൻഡറും റോവറും മിഴിതുറക്കുമോ എന്നാണ് ഇസ്റോ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.