നിയമലംഘനം; നടൻ കിഷോർകുമാറിന്റെ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കി
text_fieldsബംഗളൂരു: ട്വിറ്റർ ഉപയോഗിക്കുന്നതിന്റെ നിയമങ്ങൾ ലംഘിച്ചെന്നാരോപിച്ച് കന്നട നടൻ ജി. കിഷോർകുമാറിന്റെ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. സാമൂഹിക വിഷയങ്ങളിൽ നിലപാടുകൾ വെട്ടിത്തുറന്നെഴുതി സമൂഹമാധ്യമങ്ങളിൽ സജീവമായി നിൽക്കുന്നയാളാണ് കിഷോർകുമാർ.
ഇൻസ്റ്റഗ്രാമിൽ 43,000 പേരും ഫേസ്ബുക്കിൽ 66,000 പേരും അദ്ദേഹത്തെ പിന്തുടരുന്നുണ്ട്. എൻ.ഡി.ടി.വി.യുടെ നിയന്ത്രണം അദാനിഗ്രൂപ് ഏറ്റെടുത്ത ഡിസംബർ 30 സ്വതന്ത്രമാധ്യമപ്രവർത്തനത്തിന്റെയും ജനാധിപത്യത്തിന്റെയും കറുത്തദിവസമാണെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഒട്ടേറെ പ്രതികരണങ്ങളുണ്ടാക്കി.
കശ്മീരിപണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരുപറഞ്ഞ് നടത്തുന്ന ആൾകൂട്ടക്കൊലയും തമ്മിൽ വ്യത്യാസമില്ലെന്ന് പറഞ്ഞ് വിവാദത്തിലായ നടി സായ് പല്ലവിക്ക് അനുകൂലമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.
അടുത്തിടെയിറങ്ങിയ ‘കാന്താര’ സിനിമയിലെ വനം ഓഫിസറുടെ വേഷത്തിൽ കിഷോർകുമാർ തിളങ്ങിയിരുന്നു. തമിഴ്, മലയാളം, തെലുങ്ക് സിനിമകളിലും ശ്രദ്ധേയനാണ്. അതേസമയം, താരത്തിന്റെ ഏത് ട്വീറ്റാണ് നിയമലംഘനമായി ട്വിറ്റർ കണക്കാക്കിയതെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.