അതിവേഗപാതയിലെ നിയമലംഘനം:ഫാസ്ടാഗ് വഴി പിഴ ഈടാക്കാൻ സാധ്യത
text_fieldsബംഗളൂരു: ബംഗളൂരു-മൈസൂരു അതിവേഗപാതയിൽ അപകടങ്ങൾ കൂടിയതോടെ വിവിധ നടപടികളുമായി അധികൃതർ. അമിതവേഗമടക്കമുള്ള നിയമലംഘനത്തിനുള്ള പിഴ ഫാസ്ടാഗ് വഴി ഈടാക്കുന്നത് ആലോചനയിൽ. നിലവിൽ റോഡിൽ പരിശോധന നടത്തിയാണ് പിഴ ഈടാക്കുന്നത്. എ.ഐ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ നടപടികൾ പൂർത്തിയാകുന്നതോടെ ടോൾ പ്ലാസകളിൽ നിന്നുതന്നെ പിഴയും ഈടാക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പുതിയ പദ്ധതി സംബന്ധിച്ച് ദേശീയപാത അതോറിറ്റിയോട് നിർദേശം നൽകിയിട്ടുണ്ടെന്നും കർണാടക റോഡ് സുരക്ഷ വിഭാഗം എ.ഡി.ജി.പി അലോക് കുമാർ പറഞ്ഞു. 118 കിലോമീറ്റർ ദൂരമാണ് അതിവേഗപാതയുള്ളത്. ബംഗളൂരു നഗര അതിർത്തിയായ ബിഡദിയിലും മാണ്ഡ്യ ശ്രീരംഗപട്ടണയിലുമാണ് ടോൾ ബൂത്തുകൾ പ്രവർത്തിക്കുന്നത്. ഫാസ്ടാഗിലൂടെയാണ് ഇവിടെ ടോൾ പിരിവ്.
പാതയിൽ അപകടങ്ങൾ കൂടിയതോടെ ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, മാണ്ഡ്യ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിൽ ട്രാഫിക് പൊലീസിന്റെ വാഹന പരിശോധന ആരംഭിച്ചിരുന്നു. നാലു മാസങ്ങൾക്കിടെ 84 അപകടങ്ങളിലായി 100 പേരാണ് പാതയിൽ മരിച്ചത്. 223 അപകടങ്ങളിലായി 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര അടുത്തിടെ നിയമസഭയെ അറിയിച്ചിരുന്നു. ഈ വർഷം മാർച്ച് 12 വരെ 100 പേരാണ് മരിച്ചത്. 150 പേർക്ക് 308 അപകടങ്ങളിലായി ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്തത് മാർച്ച് 12നാണ്. ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പേ പാത ഭാഗികമായി തുറന്നുകൊടുത്തിരുന്നു. പാതയിൽ ചന്നപട്ടണ മുതൽ മാണ്ഡ്യ വരെയുള്ള ഭാഗത്താണ് കൂടുതൽ അപകടമരണങ്ങൾ നടന്നത്. ജൂൺ 30 വരെ ഈ ഭാഗത്ത് 172 അപകടങ്ങളിലായി 49 പേരാണ് മരിച്ചത്. സർവിസ് റോഡുകൾ, സുരക്ഷ-സൂചക ബോർഡുകൾ, പൊലീസ് സുരക്ഷ അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ കഴിഞ്ഞ ബി.ജെ.പി സർക്കാർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി പെട്ടെന്ന് പാത ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്ന ആരോപണം നിലനിൽക്കുന്നുണ്ട്.
അതിവേഗപാതയിൽ എ.ഐ കാമറകളും
ബംഗളൂരു: മൈസൂരു-ബംഗളൂരു അതിവേഗപാതയിൽ സുരക്ഷ നടപടികളുടെ ഭാഗമായി എ.ഐ കാമറകളും സ്ഥാപിച്ചു. പാതയിൽ അപകടങ്ങൾ കൂടിയതോടെയാണ് അമിത വേഗക്കാരെ പിടികൂടാൻ നിർമിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇത്തരം കാമറകൾ സ്ഥാപിച്ചത്. മണിക്കൂറിൽ നൂറുകിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാനാണ് ഇവിടെ അനുമതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.