ബംഗളൂരു നഗരത്തിൽ മലയാളി കാർ യാത്രക്കാർക്കുനേരെ അക്രമം; മൂന്നുപേർ അറസ്റ്റിൽ
text_fieldsബംഗളൂരു: ബംഗളൂരു നഗരമധ്യത്തില്‍ മലയാളി കാര്‍ യാത്രികരെ പിന്തുടർന്ന് ആക്രമിക്കുകയും കാർ തകർക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. രവീന്ദ്ര, ഗണേഷ്കുമാര്, കേശവ് എന്നിവരാണ് അറസ്റ്റിലായതെന്ന് വൈറ്റ്ഫീല്‍ഡ് ഡി.സി.പി എസ്. ഗിരീഷ് അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ ഡി.എസ്.ആര് റിവെരിയ അപ്പാര്‍ട്ട്മെന്റില്‍നിന്ന് വര്ത്തൂരിലേക്കുള്ള റോഡിലായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാറിന്റെ ഡാഷ്ബോര്‍ഡ് കാമറയിലും അപ്പാര്‍ട്ട്മെന്റിലെ സി.സി.ടി.വി കാമറയിലും പതിഞ്ഞിരുന്നു.
ഇരുചക്ര വാഹനങ്ങളിലെത്തിയ കുറച്ചുപേര്‍ മനഃപൂര്‍വം കാറിന്റെ മുന്നില്‍ കയറി തടസ്സം സൃഷ്ടിക്കുന്നത് വിഡിയോയില്‍ കാണാം. പിന്നീട് ഒരാൾ ബൈക്ക് കാറിന് മുന്നിൽ ബ്ലോക്കിട്ട് ഡ്രൈവറുടെ അടുത്തേക്ക് വന്നു. അപ്പോഴേക്കും മറ്റു ബൈക്കുകളിലുള്ള സംഘാംഗങ്ങളും കാറിനെ വട്ടമിട്ടു. എന്താണ് കാര്യമെന്ന് ഡ്രൈവര്‍ ചോദിച്ചപ്പോള്‍ പ്രതികള്‍ ആക്രമിക്കാൻ തുനിഞ്ഞു. തുടര്‍ന്ന് സ്കൂട്ടര്‍ കൊണ്ടുവന്ന് കാറില്‍ ഇടിപ്പിച്ചു. ഇതോടെ സംഗതി പന്തിയല്ലെന്നുകണ്ട് കാര്‍ യാത്രക്കാർ കാർ വേഗത്തില്‍ പിന്നോട്ടെടുത്ത് എതിര്‍പാതയിലേക്ക് തിരിഞ്ഞ് അപ്പാര്‍ട്ട്മെന്റിലേക്ക് പോയി.
അക്രമികളും കാറിനെ പിന്തുടര്ന്ന് അപ്പാര്‍ട്ട്മെന്റിലെത്തി. അപ്പാര്‍ട്ട്മെന്റിന്റെ ഗേറ്റ് കടന്ന് കാർ അകത്തേക്ക് പ്രവേശിച്ച സമയത്തുതന്നെ അക്രമികള്‍ ബൈക്കിലെത്തി. തുടര്‍ന്ന് കാറിന്റെ ചില്ലുകൾ തകർക്കുകയും യാത്രക്കാരെ ആക്രമിക്കുകയുമായിരുന്നു. കാറിലുണ്ടായിരുന്നവരുടെ പരാതിയില്‍ വര്‍ത്തൂര്‍ പൊലീസ് കേസെടുത്തു.
വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് ബംഗളൂരുവിലെ ക്രമസമാധാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. പിന്നാലെ പ്രതികളെ അറസ്റ്റു ചെയ്തെന്ന് അറിയിച്ച് മൂന്നുപേരുടെ ചിത്രമുള്‍പ്പെടെ ബംഗളൂരു സിറ്റി പൊലീസ് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു.
ഇത്തരത്തിലുള്ള റോഡിലെ ഗുണ്ടായിസം ഒരു തരത്തിലും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷവും ഇതേ റോഡിൽ സമാന സംഭവം അരങ്ങേറിയിരുന്നു. ഡൽഹിയിലേതുപോലെ ബൈക്കുകളിലെത്തി കാർ തടഞ്ഞ് കൊള്ളയടിക്കുന്ന സംഘങ്ങളും നഗരത്തിലെ ചിലയിടങ്ങളിൽ സജീവമായതായാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.