വിഷു, ഈസ്റ്റർ: ഉടൻ വേണം പ്രത്യേക ട്രെയിൻ പ്രഖ്യാപനം
text_fieldsബംഗളൂരു: വിഷു, ഈസ്റ്റർ അവധിക്ക് നാട്ടിലെത്താൻ ഇത്തവണയും ബംഗളൂരു മലയാളികൾ പ്രയാസപ്പെടുമോ, കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്റെ പ്രഖ്യാപനം ഉണ്ടായില്ലെങ്കിൽ ഇത്തവണയും യാത്ര ദുരിതമാകും. ഏപ്രിൽ 15നാണ് വിഷു. വിഷുവിന് മുന്നോടിയായി കേരള, കർണാടക ആർ.ടി.സി ബസുകളിലെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ തുടങ്ങിയിട്ടുണ്ട്. ഏപ്രിൽ 12നുള്ള ബുക്കിങ്ങാണ് തുടങ്ങിയത്. നാട്ടിലേക്ക് ഏപ്രിൽ 11,12,13 തീയതികളിലായിരിക്കും കൂടുതൽ തിരക്ക്. ഏപ്രിൽ ഒമ്പതിനാണ് ഈസ്റ്റർ. ഏപ്രിൽ 5,6,7 തീയതികളിലാണ് കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങുക. ഈ ദിവസങ്ങളിൽ കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തേ തന്നെ തീർന്നിട്ടുണ്ട്. മുൻകൂട്ടി സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചാൽ മാത്രമെ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ നാട്ടിലെത്താനാകൂ. സാധാരണയായി അവസാനനിമിഷമാണ് ഇത്തരം സ്പെഷൽ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിക്കുക. അതോടെ, പകൽ സമയങ്ങളിലെ സ്പെഷൽ ട്രെയിനുകൾ കാലിയായി ഓടുകയാണ് പതിവ്. ഈസ്റ്റർ-വിഷു, വേനലവധി എന്നിവയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിനുകളുടെ പ്രഖ്യാപനം വൈകരുതെന്ന് ആവശ്യപ്പെട്ട് കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്.) ഭാരവാഹികൾ ബംഗളൂരു ഡിവിഷനൽ റെയിൽവേ മാനേജർ (ഡി.ആർ.എം.) ശ്യാം സിങ്ങിന് നിവേദനം നൽകി. പ്രത്യേക ട്രെയിനുകൾ അവസാന നിമിഷം പ്രഖ്യാപിക്കാതെ നേരത്തേ പ്രഖ്യാപിക്കണമെന്നാണ് പ്രധാന ആവശ്യം. കഴിഞ്ഞ ക്രിസ്മസ് അവധിക്കുള്ള പ്രത്യേക ട്രെയിൻ, യാത്രയുടെ തൊട്ടു തലേദിവസമാണ് പ്രഖ്യാപിച്ചത്. ഇത്തരത്തിൽ സർവിസ് നടത്തിയാൽ യാത്രക്കാർക്ക് പ്രയോജനം ലഭിക്കില്ലെന്നും ഭാരവാഹികൾ ഡി.ആർ.എമ്മിനെ അറിയിച്ചു.
മലയാളി യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന മറ്റ് നിർദേശങ്ങളുമടങ്ങിയതാണ് നിവേദനം. മൈസൂരു- കൊച്ചുവേളി എക്സ്പ്രസ് ഉച്ചക്ക് രണ്ടിന് മൈസൂരുവിൽനിന്ന് പുറപ്പെട്ട് ബംഗളൂരുവിൽ വൈകീട്ട് 4.30ന് എത്തുന്ന വിധത്തിൽ സർവിസ് ക്രമീകരിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ്, കണ്ണൂർ യശ്വന്തപുര എക്സ്പ്രസ് എന്നീ ട്രെയിനുകൾ ഹൊസൂർ സ്റ്റേഷൻ വിട്ടാൽ സ്റ്റേഷനില്ലാത്ത ഇടങ്ങളിൽ പിടിച്ചിട്ട് രണ്ടുമുതൽ മൂന്നു മണിക്കൂർവരെ സമയമെടുത്ത് യശ്വന്തപുരയിൽ എത്തുന്ന സ്ഥിതി മാറണം. സ്റ്റേഷനില്ലാത്ത സ്ഥലങ്ങളിൽ പിടിച്ചിടുന്നതിനു പകരം ഹീലലിഗെ, കർമലാരം എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചാൽ യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.കെ.ടി.എഫ്. ജനറൽ കൺവീനർ ആർ. മുരളീധർ, ട്രഷറർ പി.എ. ഐസക് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.