വോട്ടർപട്ടിക ക്രമക്കേട്: വിവരശേഖരണത്തിന് ബി.ബി.എം.പി സർവേ നടത്തും
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ മറവിൽ വോട്ടർമാരുടെ ഡേറ്റ സ്വകാര്യ സ്ഥാപനം ചോർത്തിയ സംഭവത്തെത്തുടർന്ന് വോട്ടർ പട്ടിക വിശദമായി പരിശോധിക്കാൻ ബി.ബി.എം.പി സർവേ നടത്തുന്നു. ഇതിനകം ബംഗളൂരുവിലെ 28 നിയമസഭ മണ്ഡലത്തിലെ 59.62 ശതമാനം വീടുകളും കയറിയിറങ്ങി ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
യോഗ്യരായ പൗരന്മാരെ വോട്ടർപട്ടികയിൽ ചേർക്കുകയാണ് സർവേയുടെ ലക്ഷ്യം. അതേസമയം, നേരത്തേയുണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ സർവേയുമായി സഹകരിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
തെരഞ്ഞെടുപ്പ് കമീഷന്റെ ബോധവത്കരണ പരിപാടിയുടെ മറവിൽ ബി.ജെ.പി സർക്കാറിന്റെ കീഴിലുള്ള ബി.ബി.എം.പി സ്വകാര്യ ഏജൻസിയായ 'ഷിലുമേ'ക്ക് വോട്ടർമാരുടെ വിവരങ്ങൾ ശഖരിക്കാൻ അനുമതി നൽകിയത് വൻ വിവാദമായിരുന്നു. 'ഷിലുമേ' അധികൃതർ ബൂത്ത് ലെവർ ഓഫിസർമാരെ പോലെ ആളുകളെ നിയമിച്ച് വോട്ടർമാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുകയായിരുന്നു.
ബി.ജെ.പിയെ അനുകൂലിക്കാത്ത ദലിത്-ന്യൂനപക്ഷ വിഭാഗക്കാരെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയതായും നിലവിൽ ബംഗളൂരുവിൽ താമസം പോലുമില്ലാത്ത ബി.ജെ.പി അനുയായികളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തിയതായും ആരോപണമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് യോഗ്യരായ ആളുകളെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനായി ബി.ബി.എം.പി സർവേ നടത്തുന്നത്. അതേസമയം, ഐ.എ.എസ് ഓഫിസറായ അജയ് നാഗ്ഭൂഷൺ അംഗീകൃത രാഷ്ട്രീയപാർട്ടികളുടെയും അനുബന്ധ സംഘടനകളുടേയും യോഗം വിളിച്ചിട്ടുണ്ട്.
2022 ജനുവരി മുതൽ മഹാദേവപുര മണ്ഡലത്തിലെ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ പട്ടിക ശേഖരിക്കാനാണിത്. വൈറ്റ്ഫീൽഡ് മെയിൻ റോഡിലെ ആർ.എച്ച്.ബി ജോയന്റ് കമീഷണറുടെ ഓഫിസിൽ ബുധനാഴ്ച ഉച്ചക്ക് 12നാണ് യോഗം. മഹാദേവപുര റവന്യൂ ഓഫിസറായ ശ്രീനിവാസുമായി 9480684998 നമ്പറിൽ വിവരങ്ങൾക്കായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.