ശിവാജി നഗറിലെ വോട്ടർ പട്ടിക; 9,000 ന്യൂനപക്ഷവിഭാഗക്കാരുടെ പേര് വെട്ടിയെന്ന് പരാതി
text_fieldsബംഗളൂരു: ന്യൂനപക്ഷ ജനവിഭാഗം കൂടുതലായി അധിവസിക്കുന്ന ശിവാജി നഗർ നിയോജകമണ്ഡലത്തിലെ 9,000 വോട്ടർമാരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന ഗുരുതര ആരോപണവുമായി മണ്ഡലം എം.എൽ.എയും കോൺഗ്രസ് നേതാവുമായ റിസ്വാൻ അർഷാദ്.
മണ്ഡലത്തിലെ 9195 വോട്ടർമാരുടെ വിവരങ്ങൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനുവരി 15നാണ് മണ്ഡലത്തിലെ അന്തിമ വോട്ടർ പട്ടിക പുറത്തിറങ്ങിയത്. ഇതിനുശേഷം രണ്ടാഴ്ച കഴിഞ്ഞ് ജനുവരി 30നാണ് എം.എൽ.എയുടെ ആരോപണം.
മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ 9195 വോട്ടർമാരിൽ 8000 പേരുകളെങ്കിലും പട്ടികയിൽനിന്ന് നീക്കിയിട്ടുണ്ടെന്നാണ് സംശയം. 193 ബൂത്തുകളിൽ ന്യൂനപക്ഷവോട്ടുകൾ കൂടുതൽ ഉള്ള 91 ബൂത്തുകളിലെ വോട്ടർമാരെയാണ് ഒഴിവാക്കിയത്.
ഇക്കാര്യങ്ങൾ വിശദീകരിച്ച് എം.എൽ.എ സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്ക് കത്ത് നൽകിയിട്ടുണ്ട്. അന്തിമവോട്ടർപട്ടിയിൽനിന്ന് ഒഴിവാക്കപ്പെട്ട 9195 വോട്ടർമാരുടെ കാര്യത്തിൽ പുനഃപരിശോധന വേണം. ഇക്കാര്യം ചർച്ചചെയ്യാനായി തെരഞ്ഞെടുപ്പ് കമീഷൻ യോഗം വിളിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. സമ്മതിദാനം എന്ന മൗലികാവകാശം ന്യൂനപക്ഷങ്ങൾക്ക് വിലക്കുന്ന നടപടിയാണ് ഉണ്ടായത്.
വരുന്ന തെരഞ്ഞെടുപ്പിന്റെ ഫലത്തെ സ്വാധീനിക്കാനാണ് വോട്ടർമാരുടെ പേരുകൾ വെട്ടിയതെന്നും അദ്ദേഹം ആരോപിച്ചു. ശിവാജിനഗറിൽ ഏകദേശം 71,656 മുസ്ലിം വോട്ടർമാരാണ് ഉള്ളത്. കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിൽ അഞ്ചിലും കോൺഗ്രസ് ആണ് ഇവിടെ വിജയിച്ചത്.
മണ്ഡലത്തിൽ സ്വാധീനമുറപ്പിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ഇത്തവണ നടത്തുന്നത്. ബി.ബി.എം.പി പരിധിയിലുള്ള ശിവാജിനഗർ, മഹാദേവപുര, ചിക്പേട്ട് നിയോജകമണ്ഡലത്തിലെ അന്തിമവോട്ടർപട്ടിക ജനുവരി 15നാണ് പുറത്തിറക്കിയത്.
സ്വകാര്യസ്ഥാപനം വോട്ടർമാരുടെ േഡറ്റ ചോർത്തിയെന്ന ആരോപണത്തെ തുടർന്നാണ് ഈ മൂന്നുമണ്ഡലങ്ങളിലെയും പട്ടിക വൈകിയത്. ശിവാജിനഗറിലെ വോട്ടർപട്ടികയെ പറ്റി 2022 ഒക്ടോബറിൽ തന്നെ തെരഞ്ഞെടുപ്പ് കമീഷനിൽ പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.