വോട്ടർമാരുടെ വിവരചോർച്ച: പൊലീസ് അന്വേഷണം തുടങ്ങി
text_fieldsബംഗളൂരു: ബംഗളൂരുവിലെ 28 നിയോജകമണ്ഡലങ്ങളിലെ വോട്ടർമാരുടെ വിവരങ്ങൾ സ്വകാര്യ സ്ഥാപനം ചോർത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ബൃഹദ് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) സ്പെഷൽ കമീഷണർ രംഗപ്പ അൾസൂർ ഗേറ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.
സ്വകാര്യസ്ഥാപനമായ 'ഷിലുമെ എജുക്കേഷനൽ കൾചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ട്രസ്റ്റ്' ഈ സ്ഥാപനത്തിന്റെ പ്രതിനിധി കെ.എം. ലോകേഷ് എന്നിവരുടെ പേരിൽ പൊലീസ് കേസെടുത്തു. വിശ്വാസവഞ്ചന, ആൾമാറാട്ടം, കള്ള ഒപ്പിടൽ എന്നിവക്കാണ് കേസെടുത്തത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അറിവോടെയാണ് കാര്യങ്ങൾ നടന്നതെന്നു കാണിച്ച് കോൺഗ്രസ് ബെംഗളൂരു സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ആരോപണത്തെക്കുറിച്ച് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോടും നഗരസഭയോടും അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പ് കമീഷൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിന് ആറുമാസം മാത്രം ശേഷിക്കവെയാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് ഡേറ്റ ക്രമക്കേട് നടന്നിരിക്കുന്നത്. ബി.ജെ.പി സർക്കാറിന്റെ കീഴിലുള്ള ബി.ബി.എം.പിയാണ് സ്വകാര്യ ഏജൻസിക്ക് ഇതിനുള്ള അനുവാദം നൽകിയത്. തെരഞ്ഞെടുപ്പ് കമീഷന്റെ സമ്മതിദായകർക്കായുള്ള വിദ്യാഭ്യാസ പദ്ധതിയുടെ (എസ്.വി.ഇ.ഇ.പി)യുടെ കീഴിലായിരുന്നു ഇത്. എന്നാൽ സ്വകാര്യ സ്ഥാപനം നൂറുകണക്കിന് ആളുകളെ ഏർപ്പാടാക്കി ചട്ടവിരുദ്ധമായി ബൂത്ത് ലെവൽ ഓഫിസർമാരെ (ബി.എൽ.ഒ) പോലെ വീടുകൾ കയറിയിറങ്ങി പൗരന്മാരുടെ ജാതി, വിദ്യാഭ്യാസം, മാതൃഭാഷ, ആധാർ നമ്പർ, മൊബൈൽ നമ്പർ, മതം, ഇ മെയിൽ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.
ബി.എൽ.ഒമാരുടെ തിരിച്ചറിയൽ കാർഡുകളും ഉപയോഗിച്ചു. 'ഷിലുമെ' ശേഖരിച്ച വിവരങ്ങൾ അവരുടെ സഹോദരസ്ഥാപനമായ ഷിലുമെ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡിജിറ്റൽ സമീക്ഷ എന്ന സ്വകാര്യ ആപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്. സർക്കാറിന്റെ ഗരുഡ ആപ്പിൽ ശേഖരിക്കുന്നതിന് പകരമാണിത്. ഷിലുമെയുടെ ഡയറക്ടർ ആയ കൃഷ്ണപ്പ രവികുമാറിന് ഐ.ടി-ബി.ടി മന്ത്രി സി.എൻ. അശ്വത് നാരായണുമായി അടുത്ത ബന്ധമാണുള്ളത് എന്ന് കോൺഗ്രസ് ആരോപിക്കുന്നു. വോട്ടർമാരുടെ വിവരം ചോർത്തിയ സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ എന്നിവർ ബംഗളൂരുവിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ ശനിയാഴ്ച പരാതി നൽകി.
ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണമില്ല -മുഖ്യമന്ത്രി
ബംഗളൂരു: സ്വകാര്യ സ്ഥാപനം വോട്ടർമാരുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഹൈകോടതിയുടെ മേൽനോട്ടത്തിൽ സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്ന കോൺഗ്രസ് ആവശ്യം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തള്ളി.
നിലവിൽ പൊലീസ് അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. ചിലരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. മുമ്പ് ബി.ഡി.എ അഴിമതിക്കേസിൽ കോൺഗ്രസ് സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആ അന്വേഷണം സംഭവത്തിന്റെ യഥാർഥ കാര്യത്തിൽനിന്നും മാറിയാണ് അവസാനിച്ചതെന്നും ബൊമ്മൈ മംഗളൂരുവിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.