കലബുറഗി ആലന്ത് മണ്ഡലത്തിലും വോട്ടർമാരെ വെട്ടി
text_fieldsബംഗളൂരു: ശിവാജിനഗറിനു പുറമെ കലബുറഗി ആലന്ത് നിയോജകമണ്ഡലത്തിലും വോട്ടർമാരുടെ പേരുകൾ വെട്ടിയെന്ന് പരാതി. 6,670 പേരെ വോട്ടർപട്ടികയിൽനിന്ന് അനധികൃതമായി ഒഴിവാക്കിയെന്ന് പരാതി.
ഇത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. ശിവാജി നഗർ നിയമസഭ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് ക്രൈസ്തവർ, മുസ്ലിംകൾ തുടങ്ങി ന്യൂനപക്ഷ വിഭാഗക്കാരായ 9,195 പേരെ വെട്ടിയെന്ന് കാണിച്ച് ബാംഗ്ലൂർ അതിരൂപത വക്താവ് ജെ.എ. കന്ത്രാജ് സംസ്ഥാന ഇലക്ടറൽ ഓഫിസർക്ക് കത്ത് നൽകിയിരുന്നു.
തെറ്റുതിരുത്തി പുതിയ പട്ടിക തയാറാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, വോട്ടർ പട്ടിക മതാടിസ്ഥാനത്തിലുള്ളതല്ല എന്നായിരുന്നു കമീഷന്റെ പ്രതികരണം. ശിവാജിനഗർ, മഹാദേവപുര, ചിക്പേട്ട് നിയോജക മണ്ഡലത്തിലെ അന്തിമ വോട്ടർപട്ടിക ജനുവരി 15നാണ് പുറത്തിറക്കിയത്.
സ്വകാര്യ സ്ഥാപനമായ ഷിലുമെ ട്രസ്റ്റ് ബംഗളൂരുവിലെ വോട്ടർമാരുടെ ഡേറ്റ ചോർത്തിയിരുന്നു. ഇക്കാരണത്താലാണ് ഇവിടങ്ങളിലെ അന്തിമ വോട്ടർപട്ടിക വൈകിയത്. ആരോപണത്തെ തുടർന്നാണ് ഈ മൂന്നുമണ്ഡലങ്ങളിലെയും പട്ടിക വൈകിയത്.
സ്വകാര്യ സ്ഥാപനത്തിന്റെ ഇടപെടൽവഴി ബി.ജെ.പിക്ക് അനുകൂലമല്ലാത്തവരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കിയെന്ന ആരോപണം നേരത്തേ പുറത്തുവന്നിരുന്നു. തുടർന്നാണ് ശിവാജിനഗർ മണ്ഡലത്തിലെ 9,195 പേരുകൾ വെട്ടിയതായി ആരോപണമുയർന്നത്. മണ്ഡലത്തിലെ 9,000 വോട്ടർമാരെ വോട്ടർ പട്ടികയിൽ നിന്ന് വെട്ടിയെന്ന് മണ്ഡലം എം.എൽ.എയും കോൺഗ്രസ് നേതാവുമായ റിസ്വാൻ അർഷാദ് അടുത്തിടെ ആരോപിച്ചിരുന്നു.
9195 വോട്ടർമാരുടെ വിവരങ്ങൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളിലെ 9195 വോട്ടർമാരിൽ 8000 ത്തോളം പേരുകൾ പട്ടികയിൽ നിന്ന് നീക്കിയിട്ടുണ്ടെന്നാണ് സംശയം. ഇതേതുടർന്നാണ് ആലന്ത് മണ്ഡലത്തിലെ പട്ടികയിലും ക്രമക്കേടുണ്ടെന്ന ആരോപണം ഉയർന്നിരിക്കുന്നത്. ഇക്കാര്യം അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാക്കളായ പ്രിയങ്ക് ഖാർഗെ, ആലന്ത് എം.എൽ.എ. ബി.ആർ. പാട്ടീൽ, മുൻ എം.എൽ.സി. രമേഷ് ബാബു എന്നിവർ ആവശ്യപ്പെട്ടു.
പലരുടെയും പേര് പട്ടികയിൽനിന്ന് നീക്കാനാവശ്യപ്പെട്ട് അനധികൃതമായി അപേക്ഷ സമർപ്പിച്ചാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ 150ഓളം പേർ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളിലെ ബൂത്തുകളെ തിരഞ്ഞുപിടിച്ചാണ് ആസൂത്രിതമായി വോട്ടർമാരെ വെട്ടിയതെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.