വി.ടി.യുവിൽ വേനല്‍ക്കാല സെമസ്റ്റര്‍ ക്ലാസുകൾ
text_fieldsബംഗളൂരു: വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂനിവേഴ്സിറ്റിയില്‍ 2024 -2025 അധ്യയന വര്‍ഷത്തെ വേനല്‍ക്കാല സെമസ്റ്റര്‍ ക്ലാസുകൾ ആരംഭിക്കും. പഠനത്തില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു സെമസ്റ്ററിലെ രണ്ടു പേപ്പറുകള്‍ സമ്മര്‍ സെമസ്റ്ററില്‍ എഴുതിയെടുക്കാനും പഠനത്തില്‍ മുന്നില്‍ നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തൊട്ടടുത്ത സെമസ്റ്ററിലെ രണ്ടു പേപ്പറുകള്‍ നേരത്തേ എഴുതിയെടുക്കാനും നാല് വിഷയങ്ങള്‍ അല്ലെങ്കില്‍ 14 ക്രെഡിറ്റ് മാര്‍ക്കുകള്‍ നേടാനും സാധിക്കുമെന്ന് വൈസ് ചാന്‍സലര്‍ വിദ്യ ശങ്കര്‍ പറഞ്ഞു.
എട്ട് ആഴ്ച ക്ലാസും രണ്ടാഴ്ച പരീക്ഷകളുമായിരിക്കും നടക്കുക. ഹാജര്‍ കുറവുള്ള വിദ്യാര്‍ഥികള്‍ക്കും ഇന്റേണല്‍ മാര്‍ക്ക് കുറവുള്ള വിദ്യാര്‍ഥികള്‍ക്കും സെമസ്റ്റര്‍ പരീക്ഷകളില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്കും ക്ലാസുകളില്‍ പങ്കെടുത്ത് പരീക്ഷ എഴുതാം. മുമ്പ് സ്വയം ഭരണാധികാരമുള്ള (ഓട്ടോണമസ്) കോളജുകൾക്ക് മാത്രമാണ് വി.ടി.യു ഈ രീതി അനുവദിച്ചിരുന്നത്. പിന്നീട് അത് നിര്‍ത്തലാക്കി. നിലവിൽ വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ്, ഓട്ടോണമസ് സ്ഥാപനങ്ങളിലും ഈ രീതി പ്രാബല്യത്തില്‍ വരുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. പുതിയ അക്കാദമിക് കലണ്ടര്‍ വൈകാതെ പ്രസിദ്ധീകരിക്കും.
വിദ്യാര്‍ഥികള്‍ക്ക് നിലവിലെ കോഴ്സ് നേരത്തേ പൂര്‍ത്തിയാക്കുന്നതിനും വിദേശ യൂനിവേഴ്സിറ്റികളില്‍ പഠിക്കുന്നതിനും നിശ്ചിത സമയത്തിനുള്ളില്‍ കോഴ്സ് പൂര്‍ത്തീകരിക്കാനും ഇതുമൂലം സാധിക്കും. ആഗസ്റ്റ് രണ്ടാം വാരത്തിൽ സമ്മർ സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കുമെന്നാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.