വഖഫ്: മുഖ്യമന്ത്രിയുടെ ആരോപണം തള്ളി വിജയേന്ദ്ര
text_fieldsബംഗളൂരു: വഖഫ് അഴിമതിയുമായി ബന്ധപ്പെട്ട് തനിക്കെതിരായ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കൈക്കൂലി ആരോപണങ്ങൾ കർണാടക ബി.ജെ.പി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര തള്ളി. മുൻ ന്യൂനപക്ഷ കമീഷൻ ചെയർമാനും ബി.ജെ.പി നേതാവുമായ അൻവർ മണിപ്പാടിക്ക് 150 കോടി രൂപ വാഗ്ദാനം ചെയ്ത് വഖഫ് അഴിമതി റിപ്പോർട്ട് മൂടിവെക്കാൻ ശ്രമിച്ച വിജയേന്ദ്രക്കെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.
മഹർഷി വാൽമീകി വികസന കോർപറേഷൻ അഴിമതി, മുഡ അഴിമതി ആരോപണങ്ങൾ സിദ്ധരാമയ്യയെയും സർക്കാറിനെയും ചുറ്റിപ്പറ്റിയാണ്. ഈ അഴിമതികളിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന് മുഖ്യമന്ത്രിയുടെ ഓഫിസ് ദുരുപയോഗം ചെയ്യുന്നു. ഈ ശ്രമങ്ങളിലൂടെ നിങ്ങൾക്ക് തനിക്കെതിരെ അപകീർത്തികരമായ പ്രചാരണം നടത്താനേ കഴിയൂ.
വഖഫ് അഴിമതിയുമായി ബന്ധപ്പെട്ട അൻവർ മണ്ണിപ്പാടി റിപ്പോർട്ട് ബി.ജെ.പി നേതാക്കളെയല്ല, വഖഫ് സ്വത്തുക്കൾ കൈയേറിയ കോൺഗ്രസ് നേതാക്കളെയാണ് ആശങ്കപ്പെടുത്തുന്നത്. കോൺഗ്രസിനെതിരായ ആരോപണങ്ങൾക്ക് ആരും 150 കോടി രൂപ കൈക്കൂലി നൽകില്ലെന്ന് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി പോലുമില്ലേ?" വിജയേന്ദ്ര ചോദിച്ചു.
വഖഫ് സ്വത്തുക്കളുടെ മറവിൽ കർഷകരുടെ ഭൂമിയും ഹൈന്ദവ ആരാധനാലയങ്ങളും പിടിച്ചെടുക്കാനുള്ള നിങ്ങളുടെ സർക്കാറിന്റെ ശ്രമങ്ങൾ, പഞ്ചമസാലി സംവരണ സമരക്കാർക്കെതിരെ ക്രൂരമായ പൊലീസ് ലാത്തിച്ചാർജ്, നവജാത ശിശുക്കളുടെ മരണ പരമ്പര, വർധിച്ചുവരുന്ന മുഡ അഴിമതി എന്നിവയുടെ പശ്ചാത്തലത്തിൽ കെട്ടിച്ചമച്ച കഥകളുമായി മറ സൃഷ്ടിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് വിജയേന്ദ്ര പറഞ്ഞു.
മുൻ ന്യൂനപക്ഷ കമീഷൻ ചെയർമാൻ അൻവർ മണിപ്പാടി കർണാടകയിലെ വഖഫ് സ്വത്ത് കൈയേറ്റവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി തയാറാക്കിയ റിപ്പോർട്ട് പൂഴ്ത്താൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര 150 കോടി രൂപ കൈക്കൂലി നൽകാൻ ശ്രമിച്ചതായാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപണമുന്നയിച്ചത്. തന്റെ വീട്ടിലെത്തി വിജയേന്ദ്ര നടത്തിയ ഈ നീക്കം സംബന്ധിച്ച് അൻവർ മണിപ്പാടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായും സിദ്ധരാമയ്യ അവകാശപ്പെട്ടിരുന്നു.
മോദിയുടെ മഹത്തായ ‘നാ ഖുംഗ, നാ ഖാനെ ദൂംഗ’ വാഗ്ദാനത്തിന് എന്ത് സംഭവിച്ചു? സ്ഫോടനാത്മകമായ ഈ ആരോപണത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മൗനം സംശയങ്ങളും നിരവധി ചോദ്യങ്ങളും ഉയർത്തുന്നു. എന്തിനാണ് ബി.ജെ.പി നേതൃത്വം വഖഫ് സ്വത്ത് കൊള്ളയിൽ വിജയേന്ദ്രയെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നത് -മുഖ്യമന്ത്രി സിദ്ധരാമയ്യ ചോദിച്ചു.
റിപ്പോർട്ട് പൂഴ്ത്താൻ കോൺ. നേതാക്കൾ കോഴ നീട്ടി -അൻവർ മണിപ്പാടി
ബംഗളൂരു: വഖഫ് കൈയേറ്റ റിപ്പോർട്ട് പൂഴ്ത്താൻ കോൺഗ്രസ് നേതാക്കൾ തനിക്ക് കോഴ വാഗ്ദാനം ചെയ്തുവെന്ന് ന്യൂനപക്ഷ കമീഷൻ മുൻ ചെയർമാൻ അൻവർ മണിപ്പാടി. മുൻ സർക്കാറിന്റെ കാലത്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര വഖഫ് സ്വത്ത് കൈയേറ്റവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് പൂഴ്ത്താൻ 150 കോടി രൂപ മുൻ ന്യൂനപക്ഷ കമീഷന് നൽകാൻ ശ്രമിച്ചുവെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അൻവർ മണിപ്പാടി
മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുസ്ലിംകളോട് ആത്മാർഥമായ പരിഗണനയും സ്നേഹവുമുണ്ടെങ്കിൽ വഖഫ് കൈയേറ്റങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് സി.ബി.ഐക്ക് കൈമാറണമെന്ന് അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഓഫർ കോൺഗ്രസാണ് നടത്തിയത്. ഗ്രീൻ കാർഡുള്ളതിനാൽ യു.എസിൽ സ്ഥിരതാമസമാക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു. 150 കോടി നൽകുമെന്ന് വിജയേന്ദ്ര ഒരിക്കലും പറഞ്ഞിട്ടില്ല.
2012ൽ താൻ ന്യൂനപക്ഷ കമീഷൻ ചെയർമാനായിരിക്കുമ്പോൾ വിജയേന്ദ്രയുടെ പേര് കേട്ടിട്ടില്ല. അദ്ദേഹം പാർട്ടിയുടെ വൈസ് പ്രസിഡന്റായിരുന്നു, അദ്ദേഹത്തിന്റെ പിതാവ് ബി.എസ്. യദിയൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ റിപ്പോർട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് അദ്ദേഹത്തോട് സംസാരിച്ചത് താൻ ഓർക്കുന്നു. പല കാരണങ്ങളാൽ താൻ അന്ന് വിജയേന്ദ്രയെ വിമർശിച്ചു.
പക്ഷേ, അദ്ദേഹം എനിക്ക് 150 കോടി രൂപയുടെ വാഗ്ദാനം നൽകിയിട്ടില്ല. താൻ റിപ്പോർട്ട് സമർപ്പിച്ച ശേഷം മുഖ്യമന്ത്രി യദിയൂരപ്പ അത് നിയമസഭ സമ്മേളനത്തിൽ വെച്ചു. മൂന്നുനാല് വർഷമായി കോൺഗ്രസ് നേതാക്കൾ വാഗ്ദാനങ്ങൾ നൽകിയിരുന്നു. പക്ഷേ, താൻ അവരെ ശാസിച്ചു തിരിച്ചയച്ചു. ഇപ്പോൾ അവർ തന്നോട് സംസാരിക്കാൻ ഭയപ്പെടുന്നു.
വഖഫിന് ആകെ 54,000 ഏക്കർ ഭൂമിയുണ്ട്. ഇതിൽ 27,000 മുതൽ 28,000 ഏക്കർ വരെ കൈയേറിയിട്ടുണ്ട്. വഖഫ് ബോർഡിന് നിലവിൽ 23,000 മുതൽ 24,000 ഏക്കർ വരെ ഭൂമിയുണ്ട്. 1.60 ലക്ഷം ഏക്കറിന്റെ ഉടമസ്ഥാവകാശം വഖഫ് ബോർഡിന് അവകാശപ്പെട്ട് കർഷകർക്ക് നോട്ടീസ് നൽകുന്നത് ഹിന്ദുക്കളും മുസ്ലിംകളും തമ്മിൽ കലഹമുണ്ടാക്കാനാണ് കോൺഗ്രസ് സർക്കാറും മുഖ്യമന്ത്രി സിദ്ധരാമയ്യയും ശ്രമിക്കുന്നതെന്ന് അൻവർ മണ്ണിപ്പാടി കുറ്റപ്പെടുത്തി.
കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ള ശക്തർ വഖഫ് സ്വത്തുക്കൾ കൈയേറിയതിനെക്കുറിച്ച് 7,000 പേജുകളിൽ നൽകിയ തന്റെ കണ്ടെത്തലുകൾ മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. സി.ബി.ഐ അന്വേഷണം ആരംഭിച്ചാൽ അനധികൃത കൈയേറ്റങ്ങൾ 70,000 പേജുകൾ വരെ ഉയരുമെന്നും അൻവർ പറഞ്ഞു.
“റിപ്പോർട്ട് അടിച്ചമർത്താൻ കോൺഗ്രസ് പണവും പേശീബലവും ഉപയോഗിക്കാൻ ശ്രമിക്കുന്നു. എന്റെ പേഴ്സനൽ സെക്രട്ടറി അതീഖിന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച് കോടതി ഇളവ് നൽകിയിരുന്നു. വഖഫ് വിഷയത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ എല്ലാ ഭാഗത്തുനിന്നും സമ്മർദം ചെലുത്തുന്നുണ്ട്. എല്ലാം മറച്ചുവെക്കാനും വിജയേന്ദ്രയുടെ പേര് ഉയർത്തിക്കാട്ടാനും ശ്രമിക്കുന്നത് കൈയേറ്റ പ്രശ്നം വഴിതിരിച്ചുവിടാനാണെന്ന് അൻവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.