പ്രൾഹാദ് ജോഷിക്കു പകരം ലിംഗായത്ത് സ്വാമിക്ക് ടിക്കറ്റ് നൽകണമെന്ന് ആവശ്യം
text_fieldsബംഗളൂരു: കർണാടകയിൽ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളുടെ പത്രിക സമർപ്പണം വ്യാഴാഴ്ച ആരംഭിച്ചിരിക്കെ ബി.ജെ.പിക്ക് അപ്രതീക്ഷിത വെല്ലുവിളിയായി ലിംഗായത്ത് സ്വാമിമാർ. ധാർവാർഡ് മണ്ഡലത്തിലെ നിയുക്ത സ്ഥാനാർഥി കേന്ദ്ര മന്ത്രി പ്രൾഹാദ് ജോഷിയെ മാറ്റി പകരം ലിംഗായത്ത് സ്വാമിക്ക് ടിക്കറ്റ് നൽകണമെന്ന് ശിരാഹട്ടി മഠാധിപതി ഫകിറ ദിൻഗലേശ്വർ സ്വാമി ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടു.
ബുധനാഴ്ച മൂരുസവിര മഠത്തിൽ 40 സ്വാമിമാർ പങ്കെടുത്ത ചിന്തൻ മന്തനിൽ കൈക്കൊണ്ടതാണ് ഈ തീരുമാനം. ഞായറാഴ്ചക്കകം നിലപാട് അറിയിക്കണം എന്നാണ് അന്ത്യശാസനം. അടുത്ത മാസം രണ്ടിന് വീണ്ടും യോഗം ചേർന്ന് തുടർപ്രവർത്തനത്തിന് രൂപം നൽകുമെന്ന് സ്വാമിമാർ വ്യക്തമാക്കി.
‘ജോഷി ബ്രാഹ്മണനായതല്ല എതിർപ്പിന് കാരണം. ബ്രാഹ്മണരോടുമില്ല എതിർപ്പ്. രണ്ടു ദശകങ്ങളായി ധാർവാഡ് മണ്ഡലം പ്രതിനിധാനം ചെയ്യുന്ന ജോഷിക്ക് ഞങ്ങൾ വലിയ പിന്തുണയാണ് നൽകിയത്. എന്നാൽ അദ്ദേഹത്തിന്റെ ചില പ്രവൃത്തികൾ അഞ്ചാമതും ജനവിധി തേടാൻ ഒരുങ്ങുമ്പോൾ അലട്ടുന്നു. അത് ധാർവാഡ് മണ്ഡലത്തിലെ വീരശൈവ ലിംഗായത്ത്, ദലിത്, കുറുബ വിഭാഗങ്ങളേയും പ്രയാസപ്പെടുത്തുന്ന കാര്യങ്ങളാണ്’ -ഫകിര സ്വാമി പറഞ്ഞു.
ബി.എസ്. യദിയൂരപ്പയോട് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ ഉപദേശിച്ചത് ജോഷിയായിരുന്നു എന്ന് സ്വാമി പറഞ്ഞു. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബി.ജെ.പിയിലേക്ക് തിരിച്ചുവന്നപ്പോൾ അദ്ദേഹത്തെ സന്ദർശിക്കുകയോ സ്വീകരണം നൽകുകയോ ചെയ്യുന്നതിൽ നിന്ന് ജോഷി തദ്ദേശീയരായ പാർട്ടി പ്രവർത്തകരെ തടഞ്ഞതായി സ്വാമി ആരോപിച്ചു. ദക്ഷിണ ഇന്ത്യയിൽ ഉത്തര ഇന്ത്യയിലെപ്പോലെ കാഷായവേഷധാരികൾക്ക് രാഷ്ട്രീയത്തിൽ പരിഗണന ലഭിക്കുന്നില്ല എന്ന ചർച്ച ചിന്തൻ മന്തനിൽ സജീവമായി നടന്നുവെന്ന് ഫകിര സ്വാമി വെളിപ്പെടുത്തി. ആ വിചാരത്തിൽനിന്നാണ് ധാർവാർഡിൽ സ്ഥാനാർഥിയാവുക എന്ന നിർദേശം വന്നത്.
താൻ സ്വതന്ത്രനായി മത്സരിക്കുമോ എന്ന കാര്യം ഏപ്രിൽ രണ്ടിന് ചേരുന്ന യോഗത്തിൽ തീരുമാനിക്കും. ചിന്തൻ മന്തൻ ധന്യമാക്കിയ ഗുരുസിദ്ധ രാജയോഗീന്ദ്ര സ്വാമി, മുഖമഠാധിപതി മല്ലികാർജു സ്വാമി ഉൾപ്പെടെ 40 സന്യാസിമാരും ഏകമനസ്സോടെ കൈക്കൊള്ളുന്നതാവും തീരുമാനമെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.