വഖഫ് ഭേദഗതി ബിൽ പിൻവലിക്കണം -മുസ്ലിം നേതാക്കൾ
text_fieldsവിവിധ മഹല്ല് ഖാദിമാരും നേതാക്കളും മംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ
മംഗളൂരു: എല്ലാ പൗരന്മാരുടെയും മതപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി ഭരണഘടനാ മൂല്യങ്ങളെ ബഹുമാനിക്കണമെന്നും 2024ലെ വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്നും മുസ്ലിം മത-സമുദായ നേതാക്കൾ ശനിയാഴ്ച മംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം ആഗസ്റ്റിൽ പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ 2024 വ്യാപകമായ എതിർപ്പിന് കാരണമായി.
ശക്തമായ ചെറുത്തുനിൽപിനെതുടർന്ന്, ബിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ പുനഃപരിശോധനക്ക് അയച്ചു. എന്നാൽ, പ്രതിപക്ഷ പ്രതിനിധികൾ നിർദേശിച്ച ഭേദഗതികൾ കമ്മിറ്റി തള്ളിക്കളയുകയും കൂടുതൽ വിവാദപരമായ വ്യവസ്ഥകൾ അവതരിപ്പിക്കുകയുമാണ് ചെയ്തത്. ഇത് ബില്ലിന്റെ ആഘാതത്തെക്കുറിച്ചുള്ള ആശങ്കകൾ കൂടുതൽ തീവ്രമാക്കുന്നു.
ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്ക്, പ്രത്യേകിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമൂഹത്തിന്റെ മതസ്വാതന്ത്ര്യത്തിന് ഭീഷണിയാണ്.
വഖഫ് സ്വത്തുക്കൾ ദൈവത്തിന്റെ പേരിൽ നൽകുന്ന സംഭാവനകളാണ്. അവ സമൂഹത്തിലെ മതപരവും സാമൂഹികവുമായ ക്ഷേമ ആവശ്യങ്ങൾക്കായി മാത്രമുള്ളതാണ്. ഈ സ്വത്തുക്കൾ നിയന്ത്രിക്കുന്നതിനായി 1913ൽ വഖഫ് നിയമം ആദ്യമായി നിലവിൽവന്നു. 1955, 1995, 2013 വർഷങ്ങളിൽ അവയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി പിന്നീട് ഭേദഗതികൾ വരുത്തി.
ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 25 മുതൽ 28 വരെ മതസ്വാതന്ത്ര്യം മൗലികാവകാശമായി അംഗീകരിക്കുന്നു. ആർട്ടിക്കിൾ 26, പ്രത്യേകിച്ച്, മതവിഭാഗങ്ങൾക്ക് മതപരവും സാമൂഹികവുമായ ആവശ്യങ്ങൾക്കായി സ്ഥാപനങ്ങൾ സ്ഥാപിക്കാനും കൈകാര്യം ചെയ്യാനും സ്വത്തുക്കൾ സ്വന്തമാക്കാനും കൈകാര്യം ചെയ്യാനും അവകാശം നൽകുന്നു.
ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ വഖഫ് നിയമത്തിൽ സമൂലമായ ഭേദഗതികൾ നിർദേശിച്ചു. യുനൈറ്റഡ് വഖഫ് - മാനേജ്മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസന നിയമം എന്ന പേരിൽ ഒരു പുതിയ ബിൽ അവതരിപ്പിച്ചു. വഖഫ് ആസ്തികളെ ദുർബലപ്പെടുത്തുന്നതിനും അവയുടെ മേലുള്ള സമൂഹത്തിന്റെ നിയന്ത്രണം കുറക്കുന്നതിനുമാണ് ഭേദഗതികൾ ലക്ഷ്യമിടുന്നത്.
പല വഖഫ് സ്വത്തുക്കളും നൂറ്റാണ്ടുകളായി നിലനിൽക്കുന്നു, പലപ്പോഴും വാക്കാലുള്ള കരാറുകളിലൂടെയാണ്. നിർദിഷ്ട ഭേദഗതി പ്രകാരം, ആറ് മാസത്തിനുള്ളിൽ രേഖാമൂലമുള്ള തെളിവില്ലാത്ത ഏതൊരു വഖഫ് സ്വത്തും ഇനി വഖഫ് ഭൂമിയായി അംഗീകരിക്കപ്പെടില്ല. മുമ്പ് ഇസ്ലാമിക നിയമത്തിലും വഖഫ് കാര്യങ്ങളിലും വൈദഗ്ധ്യമുള്ള ഒരു സ്വതന്ത്ര സർവേയറെ സർക്കാർ നിയമിച്ചിരുന്നു. ഭേദഗതി ഈ ഉത്തരവാദിത്തം ജില്ലാ കലക്ടർമാർക്ക് കൈമാറുന്നു.
ഇത് നിഷ്പക്ഷതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. ഇതുവരെ, തർക്കങ്ങൾ കൈകാര്യം ചെയ്യാൻ മുസ്ലിം ഉദ്യോഗസ്ഥരെ മാത്രമേ വഖഫ് ട്രൈബ്യൂണലിലേക്ക് നിയമിക്കാൻ കഴിയുമായിരുന്നുള്ളൂ. പുതിയ ബിൽ ഇത് നീക്കം ചെയ്യുന്നു. വഖഫ് ബോർഡിൽ കുറഞ്ഞത് രണ്ട് അമുസ്ലിം അംഗങ്ങളെയെങ്കിലും ഉൾപ്പെടുത്തണമെന്ന് നിർബന്ധമാക്കുന്നു.
മറ്റ് സമുദായങ്ങളുടെ മതസ്ഥാപനങ്ങൾ അവരുടെ സ്വന്തം മാനേജ്മെന്റിന് കീഴിലായിരിക്കുമ്പോൾ വഖഫ് സ്ഥാപനങ്ങൾക്ക് മാത്രമാണ് ഈ മാറ്റം. പൊതുജനങ്ങളിൽനിന്ന് സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് 9.8 ദശലക്ഷം രേഖാമൂലമുള്ള എതിർപ്പുകൾ ലഭിച്ചു. അതിൽ ഭൂരിഭാഗവും ഭേദഗതികളെ എതിർത്തു. എന്നാലും സർക്കാർ ഈ എതിർപ്പുകൾ അവഗണിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും ബില്ലുമായി മുന്നോട്ടുപോവുകയാണ്.
വഖഫ് സ്വത്തുക്കളുടെ മേലുള്ള സർക്കാർ നിയന്ത്രണത്തിലേക്കുള്ള നീക്കമാണിത്. മുസ്ലിം സമൂഹത്തിന്റെ മതപരവും സാംസ്കാരികവുമായ സ്വത്വത്തെ ദുർബലപ്പെടുത്താനുള്ള ശ്രമവുമാണ്. ന്യൂനപക്ഷ സമുദായത്തിന്റെ നിലനിൽപിനും അവകാശങ്ങൾക്കും ഭീഷണിയായ വർഗീയ രാഷ്ട്രീയത്തിന്റെ തീവ്രമായ രൂപത്തെയാണ് ബിൽ പ്രതിനിധീകരിക്കുന്നത്. ഭരണഘടനയിലും മതേതരത്വത്തിലും ഇന്ത്യയുടെ ബഹുസ്വര മൂല്യങ്ങളിലും വിശ്വസിക്കുന്ന എല്ലാ പൗരന്മാരും ബില്ലിനെതിരെ ശബ്ദമുയർത്തണമെന്ന് ആവശ്യപ്പെട്ടു.
വാർത്തസമ്മേളനത്തിൽ മംഗളൂരു ഖാദി ത്വാഖ അഹ്മദ് മുസ്ലിയാർ, ഖാദി സൈനുൽ ഉലമാ മാനി ഉസ്താദ്, സയ്യിദ് ഇസ്മാഈൽ തങ്ങൾ ഉജിരെ, ഉസ്മാനുൽ ഫൈസി തോട്ടരു, യു.കെ. മുഹമ്മദ് സാദി വലവൂർ, യു.കെ. അബ്ദുൽ അസീസ് ദാരിമി ചൊക്കബെട്ടു, എസ്.പി. ഹംസ സഖാഫി ബണ്ട്വാൾ, എസ്.പി. ഹംസ സഖാഫി ബണ്ട്വാൾ, എസ്.പി. പി.പി. അഹ്മദ് സഖാഫി കാശിപട്ടണ, കെ.ഐ. അബ്ദുൽ ഖാദർ ദാരിമി കുക്കിൽ, പി.എം. ഉസ്മാൻ സഅദി പട്ടോരി, കെ.എൽ. ഉമർ ദാരിമി പട്ടോരി, ടി.എം. മുഹിയുദ്ദീൻ കാമിൽ സഖാഫി തോക്കെ, ഡോ. എം.എസ്.എം. സൈനി കാമിൽ, അനീസ് കൗസരി, ഉമർ ദാരിമി സൽമാർ, ഖാസിം ദാരിമി അബ്ദുൽ ഹഫീസ്, എ.വൈ. കദബ, കെ.കെ.എം കാമിൽ സഖാഫി സൂരിബൈൽ, റഫീഖ് ഹുദവി കോലാർ, കെ.എം. അബൂബക്കർ സിദ്ദീഖ് മോണ്ടുഗോളി, ഹുസൈൻ ദാരിമി റെഞ്ഞലാടി, എം.പി.എം അഷ്റഫ് സാദി മല്ലൂർ, അബു സ്വാലിഹ് ഫൈസി തുംബെ, മുഹമ്മദ് അലി തുർക്കലികെ, മുഹമ്മദ് മുസ്ലിയാർ, ദക്ഷിണ കന്നട വഖഫ് ഉപദേശക സമിതി പ്രസിഡന്റ് ബി.എ. അബ്ദുൾ നാസർ ലക്കി സ്റ്റാർ, ദക്ഷിണ കന്നട വഖഫ് ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഷ്റഫ് കിണർ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.