വിജയപുരയിലെ വഖഫ് ഭൂമി വിവാദം; പഴയ ഗസറ്റിലെ പിശകെന്ന് മന്ത്രി എം.ബി. പാട്ടീൽ
text_fieldsബംഗളൂരു: വടക്കൻ കർണാടകയിലെ വിജയപുരയിലെ വഖഫ് ഭൂമി വിവാദത്തിൽ പഴയ ഗസറ്റിലെ പിശകാണ് കാരണമായതെന്ന വിശദീകരണവുമായി വ്യവസായ മന്ത്രി എം.ബി. പാട്ടീൽ. 1200 ഏക്കർ വരുന്ന ഭൂമി വഖഫ് ഭൂമിയാണെന്ന് തെറ്റായി രേഖപ്പെടുത്തിയതാണ് നോട്ടീസ് നൽകുന്നതിലേക്ക് നയിച്ചതെന്നും പ്രസ്തുത ഭൂമിയിൽ കർണാടക വഖഫ് ബോർഡിന് നിയമപരമായ ഉടമസ്ഥാവകാശമില്ലെന്നും മന്ത്രി വ്യക്തമാക്കി. വിജയപുര ഹൊനവാദിൽ കർഷക ഭൂമി ഏറ്റെടുക്കാൻ വഖഫ് ബോർഡ് നോട്ടീസ് നൽകിയതിനെ തുടർന്ന് കർഷകർ സമരത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
വിജയപുര തികോട്ട താലൂക്കിൽ ഉൾപ്പെടുന്ന ഹൊനവാദ്, ഇൻഡി താലൂക്കിൽ ഉൾപ്പെടുന്ന നെഹള്ളി വില്ലേജുകളിലെ 1200 ഏക്കർ ഭൂമി ഒഴിയണമെന്നാവശ്യപ്പെട്ട് വഖഫ് ബോർഡ് നോട്ടീസ് നൽകിയതോടെയാണ് കർഷകർ തെരുവിലിറങ്ങിയത്. സംഭവത്തിൽ വഖഫ് മന്ത്രി സമീർ അഹമ്മദ് ഖാന്റെ ഇടപെടലാണെന്ന് കർഷകർ ആരോപിക്കുന്നു. മന്ത്രി സമീർ അഹമ്മദ് ഖാൻ വിജയപുര ഡെപ്യൂട്ടി കമീഷണറുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയതെന്ന് കർഷകർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിന് മുന്നിൽ കർഷക പ്രതിഷേധം അരങ്ങേറിയിരുന്നു. വിഷയം വിവാദമായതോടെ, വഖഫ് ബോർഡ് തീരുമാനം പുനഃപരിശോധിക്കുമെന്നറിയിച്ച ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര, ഭൂമിയുമായി ബന്ധപ്പെട്ട പഴയ രേഖകൾ പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ്, പഴയ ഗസറ്റിലെ പിഴവാണ് വഖഫ് ബോർഡ് നോട്ടീസ് നൽകുന്നതിലേക്ക് നയിച്ചതെന്ന വിശദീകരണവുമായി മന്ത്രി എം.ബി. പാട്ടീൽ രംഗത്തെത്തിയത്.
1974ൽ ഹൊനവാദ് വില്ലേജിലെ ഭൂമി അബദ്ധവശാൽ ഗസറ്റ് വിജ്ഞാപനത്തിൽ ഉൾപ്പെടുകയായിരുന്നെന്നും ഈ ഭൂമി യഥാർഥത്തിൽ മഹൽ ഭാഗ് സർവേ നമ്പറിൽ പെട്ടതാണെന്നും വിജയപുര ജില്ല ചുമതല കൂടിയുള്ള മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. 1977ൽ ഈ തെറ്റ് വഖഫ് ബോർഡ് തിരുത്തിയിരുന്നു. 10 ഏക്കർ ഖബർസ്ഥാൻ മാത്രമാണ് പ്രസ്തുത വില്ലേജിൽ വഖഫ് ഭൂമിയായുള്ളത് എന്നായിരുന്നു തിരുത്തൽ. ബാക്കി വരുന്ന 12,00 ഏക്കർ (1974ൽ വഖഫ് ഭൂമിയായി രേഖപ്പെടുത്തിയത്) കർഷകരുടേതാണെന്നും കർഷകരുടെ ഒരിഞ്ചു ഭൂമി പോലും വഖഫ് ഭൂമിയിൽ വരില്ലെന്നും മന്ത്രി വ്യക്തമാക്കി. 10 ഏക്കർ വരുന്ന ഖബർസ്ഥാൻ പഞ്ചായത്ത് ഭൂമിയായാണ് തരംതിരിച്ചിട്ടുള്ളതും ഇതുസംബന്ധിച്ച പുനഃപരിശോധന നടന്നുവരുകയാണെന്നും മന്ത്രി പറഞ്ഞു. കർഷകരുമായി ചർച്ച നടത്താനും പ്രശ്ന പരിഹാരത്തിനുമായി ഉടൻ വിജയപുര ജില്ല അധികൃതരും റവന്യൂ വകുപ്പ്, വഖഫ് ബോർഡ് അധികൃതരും കർഷകരുമായി ചർച്ച നടത്തും.
അതേസമയം, കർഷക സമരം കർണാടക സർക്കാറിനെതിരായ ആയുധമാക്കാനാണ് പ്രതിപക്ഷമായ ബി.ജെ.പിയുടെ നീക്കം. കർഷകരുമായി കൂടിക്കാഴ്ചക്ക് ബി.ജെ.പി അഞ്ചംഗ സംഘത്തെ നിയോഗിച്ചു. ഗോവിന്ദ് കർജോൽ എം.പി, എം.എൽ.എമാരായ ഹരീഷ് പൂഞ്ച, മഹേഷ് തെങ്കിൻകായ്, മുൻ എം.എൽ.സി അരുൺ ഷാഹപൂർ, ബി.ജെ.പി കിസാൻ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കൽമരുദ്രപ്പ എന്നിവരാണ് സംഘത്തിലുള്ളത്. അതേസമയം, സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയോട് പൊതുവെ ഇടഞ്ഞുനിൽക്കുന്ന വിജയപുരയിൽ നിന്നുള്ള മുൻ എം.പിയും നിലവിലെ എം.എൽ.എയുമായ ബസനഗൗഡ പാട്ടീൽ യത്നാലിനെ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ബി.ജെ.പി പ്രതിനിധി സംഘം ചൊവ്വാഴ്ച കർഷകരെ കാണുമെന്ന് ബി.വൈ. വിജയേന്ദ്ര അറിയിച്ചു.
കർഷകർ ദൈവത്തെപ്പോലെ; അനീതിയുണ്ടാകില്ല -വഖഫ് മന്ത്രി
ബംഗളൂരു: കർഷകരെ ദൈവത്തെപ്പോലെയാണ് കാണുന്നതെന്നും വഖഫ് ഭൂമി വിവാദത്തിൽ അനീതിയുണ്ടാകില്ലെന്നും കർണാടക വഖഫ് മന്ത്രി സമീർ അഹമ്മദ് ഖാൻ പറഞ്ഞു. വഖഫ് ബോർഡിന്റെ അധികാരം കോൺഗ്രസ് ദുരുപയോഗം ചെയ്ത് കർഷക ഭൂമി പിടിച്ചെടുക്കുകയാണെന്ന ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തെ ബി.ജെ.പി രാഷ്ട്രീയവത്കരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
‘‘വിജയപുര ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സ്ഥലം എം.എൽ.എ പങ്കെടുത്തിരുന്നില്ല. ഇപ്പോൾ അവർ ആരോപണങ്ങളുമായി രംഗത്തുവരുകയാണ്. കർണാടകയിൽ 1,12,000 ഏക്കർ വഖഫ് ഭൂമിയുണ്ട്. എന്നാൽ, അതിൽ 23,000 ഏക്കർ ഭൂമി മാത്രമാണ് വഖഫ് ബോർഡിന്റെ നിയന്ത്രണത്തിലുള്ളത്. അതിനർഥം വഖഫ് ഭൂമിയിൽ വ്യാപകമായി കൈയേറ്റം നടന്നിട്ടുണ്ട് എന്നാണ്. ഈ പ്രശ്നത്തെ ഞങ്ങൾ നിയമപരമായി നേരിടുകയാണ്. ആർക്കും ആരുടെയും ഭൂമി എടുക്കാനാവില്ല. കർഷകരെ ഞങ്ങൾ ദൈവത്തെപ്പോലെയാണ് കാണുന്നത്. അവരോട് ഒരിക്കലും അനീതി കാണിക്കില്ല’’ -മന്ത്രി സമീർ അഹമ്മദ് ഖാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.