കർണാടകയിലെ ആദ്യ ഊർജ പദ്ധതി: മാലിന്യ സംഭരണം പ്രതിസന്ധിയിൽ
text_fieldsബംഗളൂരു: കർണാടകയിലെ ആദ്യ സംരംഭം എന്ന കൊട്ടിഘോഷത്തോടെ സ്ഥാപിച്ച മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതി പ്രതിസന്ധിയിൽ. ഖരമാലിന്യം സംഭരിക്കാൻ കണ്ടെത്തിയ പ്രദേശങ്ങളിൽനിന്ന് ഉയരുന്ന പ്രതിഷേധമാണ് ഉദ്ഘാടന സജ്ജമായ വേളയിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സ്വപ്ന പദ്ധതിക്ക് തടസ്സം.
ദൊഡ്ഡബല്ലപുർ നോർത്ത് -90 ഏക്കർ, നിലവിൽ മാലിന്യം തള്ളുന്ന മണ്ടൂർ ഈസ്റ്റ്, ബിഡദി വെസ്റ്റിൽ കർണാടക പവർ കോർപറേഷൻ ലിമിറ്റഡിന്റെ (കെ.പി.സി.എൽ) ഭൂമി, ഗൊള്ളഹള്ളി ബന്നേർഘട്ട റോഡരികിൽ പൊതുമരാമത്ത് വകുപ്പിന്റെ 179 ഏക്കർ എന്നിവിടങ്ങളാണ് മാലിന്യം സംഭരിക്കാൻ കണ്ടെത്തിയ സ്ഥലങ്ങൾ.
ബൃഹത് ബംഗളൂരു മഹാ നഗരപാലികയുടെ (ബി.ബി.എം.പി.) സഹകരണത്തോടെ കർണാടക പവർ കോർപറേഷൻ ലിമിറ്റഡാണ് (കെ.പി.സി.എൽ.) 10 ഏക്കർ സ്ഥലത്ത് 260 കോടി രൂപ ചെലവിൽ ഊർജ പ്ലാന്റ് സ്ഥാപിച്ചത്. പ്രതിദിനം 11.5 മെഗാവാട്ട് വൈദ്യുതി ഉൽപാദനശേഷി പ്ലാന്റിനുണ്ടാകും. ദിവസേന 600 ടൺ ഖരമാലിന്യം പ്ലാന്റിൽനിന്ന് വൈദ്യുതിയാക്കി മാറ്റുകയാണ് ലക്ഷ്യം. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി രണ്ടു ലക്ഷം വീടുകളിൽ എത്തിക്കാനും പദ്ധതിയിട്ടു. മാലിന്യം പ്ലാന്റിലെത്തിക്കേണ്ട ചുമതലയുള്ള ബി.ബി.എം.പിയുടെ മുന്നിലാണിപ്പോൾ പ്രതിസന്ധി ഉയരുന്നത്. മണ്ടൂരിൽ ഇനി മാലിന്യം തള്ളരുതെന്ന ആവശ്യവുമായി ബംഗളൂരു അർബൻ മണ്ഡലം ബി.ജെ.പി എം.എൽ.എ മഞ്ജുള ലിംബാവലി രംഗത്തുവന്നു. മാലിന്യവുമായി വന്നാൽ ജനങ്ങൾ എറിഞ്ഞ് ഓടിക്കുമെന്ന് ഇവരുടെ ഭർത്താവും മുൻ എം.എൽ.എയുമായ അരവിന്ദ് ലിംബാവാലി മുന്നറിയിപ്പ് നൽകി. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണിത്. ബിഡദിയിൽ കെ.പി.സി.എൽ ഭൂമിയിൽ മാലിന്യം സംഭരിക്കുന്നതിലുള്ള വിയോജിപ്പ് ഊർജ മന്ത്രി കെ.ജെ. ജോർജും പ്രകടിപ്പിച്ചു. ഇതോടെ ഈ മാസം അവസാനം മുഖ്യമന്ത്രി സിദ്ധാരാമയ്യ നിർവഹിക്കുമെന്ന് പ്രഖ്യാപിച്ച പ്ലാന്റ് ഉദ്ഘാടനം അനിശ്ചിതത്വത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.