മാലിന്യത്തിൽനിന്ന് വൈദ്യുതി പ്ലാന്റ് ഉടൻ
text_fieldsബംഗളൂരു: ബിഡദിയിൽ നിർമിച്ച, മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനം ജൂലൈ രണ്ടാംവാരം ആരംഭിക്കുമെന്ന് ഊർജ മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഉദ്ഘാടനം നിർവഹിക്കുക.
ബൃഹത് ബംഗളൂരു മഹാ നഗരപാലികെയുടെ (ബി.ബി.എം.പി) സഹകരണത്തോടെ കർണാടക പവർ കോർപറേഷൻ ലിമിറ്റഡാണ് (കെ.പി.സി.എൽ) പ്ലാന്റ് നിർമിച്ചത്. 10 ഏക്കർ സ്ഥലത്ത് 260 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. പ്രതിദിനം 11.5 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷി പ്ലാന്റിനുണ്ടാകും. ദിവസേന 600 ടൺ ഖരമാലിന്യം പ്ലാന്റിൽനിന്ന് വൈദ്യുതിയാക്കി മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി രണ്ടു ലക്ഷം വീടുകളിൽ എത്തിക്കാനാണ് ലക്ഷ്യം. മാലിന്യം പ്ലാന്റിലെത്തിക്കേണ്ട ചുമതല ബി.ബി.എം.പിക്കായിരിക്കും. 2020 ഡിസംബറിലാണ് പ്ലാന്റിന്റെ ശിലാസ്ഥാപനം നടന്നത്. രണ്ടു വർഷത്തിൽ പൂർത്തിയാക്കേണ്ടതായിരുന്നു. കോവിഡ് മഹാമാരി കാരണം വൈകിയ നിർമാണ പ്രവൃത്തികൾ 2022ലാണ് പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.