നമ്മ മെട്രോ ഗ്രീൻ ലൈനിലെ വെള്ളക്കെട്ട്; പാത അറ്റകുറ്റപ്പണിക്ക് ടെൻഡർ വിളിച്ചു
text_fieldsബംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനായ നാഗസാന്ദ്ര- സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് പാതയിലെ തകരാറുകൾ പരിഹരിക്കാൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) ടെൻഡർ ക്ഷണിച്ചു. പാതയിൽ ചിലയിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നതടക്കമുള്ള തകരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പാത പ്രവൃത്തിയിൽ ചെരിവുകൾ നിർമിക്കുമ്പോഴുണ്ടായ അപാകതകളാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് കണ്ടെത്തൽ. മഴയൊഴിഞ്ഞാലും വെള്ളം ഒഴിഞ്ഞുപോകാതെ മെട്രോപാതയിൽ കെട്ടിക്കിടക്കുകയാണ്. ഇത്തരത്തിൽ കോൺക്രീറ്റ് നിർമിതികളിൽ വെള്ളം കെട്ടിനിൽക്കുന്നത് പാതയുടെ ബലത്തെ ക്ഷയിപ്പിക്കുമെന്നതിനാൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതെന്ന് ബി.എം.ആർ.സി.എൽ അധികൃതർ പറഞ്ഞു.
ചെരിവുകളിലെ തകരാറുകൾ പരിഹരിക്കാൻ എപോക്സി മെറ്റീരിയൽ ഉപയോഗിച്ച് പ്രവൃത്തി നടത്തും. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ മെട്രോ സർവിസുകൾ അവസാനിച്ചശേഷം രാത്രി 12ന് ശേഷമാണ് പ്രവൃത്തി നടത്തുക. പുലർച്ച അഞ്ചരയോടെ മെട്രോ സർവിസുകൾ ആരംഭിക്കുമ്പോഴേക്കും പ്രവൃത്തി അവസാനിപ്പിക്കും. അറ്റകുറ്റപ്പണിക്കായി 42,97,500 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
12 മാസത്തിനകം പ്രവൃത്തി പൂർത്തിയാക്കണമെന്നതാണ് നിർദേശം. നാഗസാന്ദ്രമുതൽ സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ 26 സ്റ്റേഷനുകളാണുള്ളത്. യശ്വന്ത്പൂർ, പീനിയ ഇൻഡസ്ട്രി, ലാൽബാഗ് എന്നീ പ്രധാന സ്റ്റേഷനുകളിൽ ഗ്രീൻ പാതയിലാണുൾപ്പെടുന്നത്. ആകെ വരുന്ന 30.32 കിലോമീറ്റർ പാതയിൽ 26.39 കിലോമീറ്റർ മേൽപാതയും 3.93 കിലോമീറ്റർ ഭൂഗർഭ പാതയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.