ബംഗളൂരുവിൽ ജലക്കരവും വർധിപ്പിക്കുന്നു; ലിറ്ററിന് ഒരു പൈസ എന്ന നിരക്കിലാണ് വർധന
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തിൽ ജലക്കരം വർധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ലിറ്ററിന് ഒരു പൈസ എന്ന നിരക്കിലാണ് വർധന ഉദ്ദേശിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ നിയമസഭാ കൗൺസിലിൽ നടന്ന യോഗത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് 2014 മുതല്‍ ജലക്കരം മാറ്റമില്ലാതെ തുടരുകയാണ്. ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡ് (ബി.ഡബ്ല്യു എസ്.എസ്.ബി) നഷ്ടത്തിലാണെന്നും ലിറ്ററിന് എട്ട് രൂപ വർധിപ്പിക്കണമെന്നുമായിരുന്നു ബോര്‍ഡിന്റെ നിര്‍ദേശം.
എം.എല്‍.എമാരുമായി കൂടിയാലോചിച്ച ശേഷം നിരക്ക് തീരുമാനിക്കുമെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു. 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജലക്കരം വർധന സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. നഗരത്തില്‍നിന്നും ഏറെ അകലെയുള്ള കാവേരി നദിയാണ് ബംഗളൂരു നഗരത്തിലെ ജനങ്ങളുടെ പ്രധാന ജല സ്രോതസ്സ്. നിലവില്‍ ടി.കെ ഹള്ളി, ഹാരോഹള്ളി, ടാറ്റ ഗുനി എന്നിവിടങ്ങളില്‍നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്.
ഇതു മൂലം വൈദ്യുതി ബില്‍ 78 കോടിയില്‍നിന്നും 90 കോടിയായി വര്‍ധിച്ചു. ബി.ഡബ്ല്യു. എസ്.എസ്.ബിയിലെ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നതിനും വൈദ്യുതി ബില്‍ അടക്കുന്നതിനും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വർഷത്തിൽ 1000 കോടിയോളം രൂപ നഷ്ടത്തിലാണ് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് പ്രവർത്തിക്കുന്നത് എന്നതിനാലാണ് ജലക്കരം വർധിപ്പിക്കുന്നതെന്ന് ഡി.കെ. ശിവകുമാര്‍ പറഞ്ഞു
കഴിഞ്ഞ വര്‍ഷം ഏഴായിരത്തിലധികം കുഴല്‍ക്കിണറുകള്‍ കര്‍ണാടകയില്‍ വറ്റിയിരുന്നു. ഇത്തവണ വേനല്‍ ആരംഭിച്ചതോടെ വീടുകളില്‍ കാവേരി വെള്ളം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കാവേരി അഞ്ചാംഘട്ട പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. ഇതുമൂലം 110 ഗ്രാമങ്ങള്‍ക്ക് വെള്ളം എത്തിക്കാന്‍ സാധിക്കുന്നു. കാവേരി ആറാം ഘട്ട പദ്ധതിയും തയാറായി. അതേസമയം, ജനങ്ങള്‍ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതിനെതിരെ ബോധവത്കരണം നടത്തുമെന്നും ശിവകുമാർ പറഞ്ഞു.
പലരും കുടിവെള്ളം ഉപയോഗിച്ച് തോട്ടം നനക്കുകയും കന്നുകാലികളെ കുളിപ്പിക്കുകയും വാഹനം കഴുകുകയും ചെയ്യുന്നു. നിലം കോണ്‍ക്രീറ്റ് ചെയ്യുന്നതുമൂലം ജലം ഭൂമിയിലേക്കിറങ്ങുന്നത് തടസ്സപ്പെടുന്നു.
ഇവയെക്കുറിച്ചെല്ലാം ജനങ്ങൾക്കിടയിൽ അവബോധം നല്‍കുമെന്നും ഒരു മാസം നീളുന്ന കാമ്പയിന് ജല സംരക്ഷണ ദിനമായ മാര്‍ച്ച് 22ന് ആരംഭിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചതായും എല്ലാ തടാകങ്ങളും ശുചീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
വൻകിട അപ്പാര്‍ട്മെന്റുകള്‍ നിർമിക്കുന്നവര്‍ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡിന് നിക്ഷേപത്തുക നല്‍കാതെ അനധികൃതമായി ജലം ഉപയോഗിക്കുകയും നിര്‍മാണം നടത്തുകയും ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അവര്‍ക്കെതിരെ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ കൗൺസിലിലെ ശൂന്യവേളയില്‍ എം.എല്‍.സി രാമോജി ഗൗഡ നഗരത്തിലെ ജല ദൗർലഭ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സ്വകാര്യ ജല ടാങ്കറുകള്‍ ഒരു മാഫിയയായി മാറിയിരിക്കുന്നെന്നും ജനങ്ങളില്‍നിന്നും ഇരട്ടിത്തുക ഈടാക്കുന്നത് മൂലം പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതിനാൽ കാവേരി ജലം വീടുകളില്‍ എത്രയുംവേഗം എത്തിക്കണമെന്നും സര്‍ക്കാര്‍ സൗജന്യമായി കുടിവെള്ളം എത്തിക്കണമെന്നുമുള്ള നിര്‍ദേശത്തിന് മറുപടി പറയുകയായിരുന്നു ഉപമുഖ്യമന്ത്രി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.