വയനാട് ദുരന്തം: സഹായമെത്തിക്കാൻ കർണാടകയിലെ വ്യവസായികളോട് മന്ത്രിയുടെ ആഹ്വാനം
text_fieldsബംഗളൂരു: വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിത മേഖലയിൽ സഹായമെത്തിക്കാനും പുനരധിവാസത്തിനും കർണാടകയിലെ വ്യവസായികളോടും കോർപറേറ്റുകളോടും അഭ്യർഥനയുമായി കർണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീൽ.
കർണാടകയുടെ വ്യവസായിക വളർച്ചക്ക് നൽകുന്ന സംഭാവനകൾക്ക് നന്ദി അറിയിച്ച മന്ത്രി, അയൽ സംസ്ഥാനത്തെ വൻ ദുരന്തത്തിന് കൈത്താങ്ങാവേണ്ടതുണ്ടെന്ന് പറഞ്ഞു. നിരവധി മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടതിന് പുറമെ, 310 ഹെക്ടർ കൃഷിഭൂമി നശിച്ചതായും മുണ്ടക്കൈ, ചൂരൽമല, അട്ടമല, മേപ്പാടി മേഖലകളിലെ നിരവധി കുടുംബങ്ങളെ ദുരന്തം ബാധിച്ചതായും വ്യവസായികൾക്കായി തയാറാക്കിയ കത്തിൽ ചൂണ്ടിക്കാട്ടി.
ആയിരങ്ങൾ അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രയാസപ്പെടുകയാണെന്നും കേരള സർക്കാർ നയിക്കുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കരുത്തു പകരണമെന്നും മന്ത്രി അഭ്യർഥിച്ചു.
ദുരന്ത ബാധിതരുടെ വീടുകളുടെ പുനർനിർമാണം, കൃഷിയിടങ്ങളുടെ പുനഃസ്ഥാപനം, സ്കൂളുകൾ പുനർനിർമിക്കൽ, അടിസ്ഥാന സൗകര്യം ഏർപ്പെടുത്തൽ, ജീവനോപാധികൾ ഒരുക്കൽ, ചികിത്സാ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയവക്കായി അടിയന്തര ഇടപെടൽ ആവശ്യമാണ്.
നമ്മൾ ഒന്നിച്ചുനിന്ന് കൈകോർത്ത് നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കേണ്ട സമയമാണിതെന്നും മന്ത്രി എം.ബി. പാട്ടീൽ ചുണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട കോഓഡിനേഷന് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കമീഷണർ ഗുഞ്ജൻ കംഷ്ണയുമായി വ്യവസായികളും കോർപറേറ്റുകളും ബന്ധപ്പെടണമെന്ന് അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.