മരുന്നുകൾ പരിശോധിക്കാൻ സംവിധാനം വേണം -ആരോഗ്യമന്ത്രി
text_fieldsബംഗളൂരു: സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ സംവിധാനംവേണമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു ആവശ്യപ്പെട്ടു. ആരോഗ്യ മേഖല കാര്യക്ഷമമാക്കാൻ ഒന്നിച്ചു പ്രവർത്തിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. രാജ്യത്തിന്റെ പല ഭാഗത്തും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ട്. എന്നാൽ, ആരും ഇതിന് മറുപടി പറയാൻ ബാധ്യസ്ഥരല്ലെന്നതാണ് സ്ഥിതി.
മരുന്ന് വിവാദത്തിൽ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ) നിലപാട് മന്ത്രി ചോദ്യം ചെയ്തു. ഗുണനിലവാരമില്ലാത്ത മരുന്ന് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് മരുന്നു കമ്പനിക്കെതിരെ കർണാടക ആരോഗ്യ വകുപ്പ് സി.ഡി.എസ്.സി.ഒക്ക് കത്തു നൽകിയിരുന്നു. മരുന്നിന്റെ ഗുണനിലവാരമില്ലായ്മ പരാമർശിക്കാതെ, ‘ കർണാടക നിരസിച്ചു’ എന്ന സർട്ടിഫിക്കറ്റാണ് നൽകിയതെന്ന് ആരോഗ്യ മന്ത്രി കുറ്റപ്പെടുത്തി.
‘‘നിങ്ങൾ അനുമതി നൽകിയ മരുന്നാണ് ഞങ്ങൾ നിരസിച്ചത്. ഇനിയെന്താണ് ഞങ്ങൾ ചെയ്യേണ്ടത്? ഞങ്ങൾക്ക് മരുന്ന് കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താനാവില്ല. അവരുടെ മരുന്നും തള്ളാനാവില്ല. കാരണം, സി.ഡി.എസ്.സി.ഒ അനുമതി നൽകുന്നിടത്തോളം അവരുടെ മരുന്ന് സുരക്ഷിതമാണെന്ന് കാണിച്ച് അവർ കോടതിയെ സമീപിക്കും. യഥാർഥത്തിൽ ആരാണ് ഇതിന് ഉത്തരവാദി?’’ -ആരോഗ്യമന്ത്രി ചോദിച്ചു. ആരോഗ്യ വകുപ്പിൽനിന്നുള്ള ഒരു സംഘം പശ്ചിമ ബംഗാളിൽ ചെന്ന് പശ്ചിംബംഗ മരുന്ന് കമ്പനിയുടെ നിർമാണ സൗകര്യങ്ങൾ പരിശോധിച്ചെന്നും അവർ വൈകാതെ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.