വെബ് ടാക്സികൾ ടോൾ ബൂത്ത് ഒഴിവാക്കി സഞ്ചരിക്കുന്നു -പൊലീസ് കമീഷണർ
text_fieldsബംഗളൂരു: വിമാനത്താവളം റൂട്ടിലോടുന്ന വെബ് ടാക്സികൾ ടോൾ ബൂത്ത് ഒഴിവാക്കാൻ സമാന്തര പാതയിലൂടെ സഞ്ചരിക്കുന്നതായി പരാതി. യാത്രക്കാരിൽനിന്ന് ടോൾ ഉൾപ്പെടെ ഈടാക്കിയാണിത്. ഈ റൂട്ടിലെ ഡ്രൈവർമാർക്ക് നടത്തിയ ബോധവത്കരണ പരിപാടിയിൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ വി.ജെ. സജീത്താണ് ഇക്കാര്യം പറഞ്ഞത്. ഈ സമാന്തര പാതകൾ അപകടം നിറഞ്ഞവകൂടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബംഗളൂരുവിൽ പരിചയം കുറഞ്ഞവരാണ് ഏറെയും ടോൾ വഴി മറികടന്നുള്ള ചൂഷണത്തിന് ഇരയാവുന്നത്.
അമിത നിരക്ക്, മോശം പെരുമാറ്റം തുടങ്ങിയ പരാതികൾ യാത്രക്കാരിൽനിന്ന് ഉയർന്നതോടെയാണ് ബോധവത്കരണം നടത്തിയത്. ബുക്ക് ചെയ്യുമ്പോൾ കാണിക്കുന്നതിനേക്കാൾ കൂടുതൽ പണം ഈടാക്കുക, നൽകാൻ കൂട്ടാക്കാത്തവരോട് മോശമായി പെരുമാറുക എന്നിവ ഈ റൂട്ടിൽ പതിവാണ്. വിമാനത്താവളത്തിൽനിന്നുള്ള യാത്രക്ക് വെബ് ടാക്സികൾ ലഭിക്കാൻ മണിക്കൂറോളം കാത്തുനിൽക്കേണ്ടിവരുന്നതും പതിവാണ്.
ടിപ്പായി വൻതുക ലഭിക്കാതെ ബുക്കിങ് സ്വീകരിക്കാൻ പലരും തയാറാവുന്നില്ലെന്നും പരാതികളുണ്ട്. ബോധവത്കരണ പരിപാടിയിൽ സംഘടന നേതാക്കളും ഡ്രൈവർമാരും ഉൾപ്പെടെ പങ്കെടുത്തു. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.