വിദ്വേഷ രാഷ്ട്രീയത്തിനെതിരെ വെൽഫെയർ പാർട്ടി കാമ്പയിൻ
text_fieldsബംഗളൂരു: വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും കേന്ദ്ര സർക്കാറിന്റെ വംശീയ വിവേചന നയത്തിനെതിരെയും വെൽഫെയർ പാർട്ടി 10 ദിവസം നീളുന്ന കാമ്പയിൻ നടത്തുമെന്ന് സംസ്ഥാന നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കർണാടക രാജ്യോത്സവമായ നവംബർ ഒന്നിനാണ് കാമ്പയിൻ തുടങ്ങുക. നവംബർ പത്തുവരെയുള്ള കാമ്പയിനിൽ സെമിനാറുകൾ, പൊതുപരിപാടികൾ, ലഘുലേഖ വിതരണം, ബൈക്ക് റാലി, വെബിനാറുകൾ, തെരുവുനാടകം തുടങ്ങിയ പരിപാടികൾ നടത്തും. കേന്ദ്ര സർക്കാർ രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ മറച്ചുവെച്ച് ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിക്കുകയാണ്.
പശുസംരക്ഷണം, ഹിജാബ്, ഹലാൽ, ബാങ്കുവിളി, ലവ് ജിഹാദ് തുടങ്ങിയ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. ജനങ്ങൾക്കിടയിൽ വിദ്വേഷ പ്രചാരണം നടത്തി രാഷ്ട്രീയ ലാഭമുണ്ടാക്കുകയാണ്. ന്യൂനപക്ഷങ്ങൾക്കുനേരെ ആസൂത്രിതമായ കുപ്രചാരണമാണ് സംഘ്പരിവാർ നടത്തുന്നത്. ഇക്കാര്യങ്ങൾ സമൂഹത്തിന് മുന്നിൽ കൊണ്ടുവരുകയും രാജ്യതാൽപര്യത്തിന് പ്രാധാന്യം നൽകുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന പ്രസിഡന്റ് അഡ്വ. താഹിർ ഹുസൈൻ, സംസ്ഥാന സെക്രട്ടറിയും കാമ്പയിൻ കൺവീനറുമായ കെ.ടി. ബഷീർ, സംസ്ഥാന സെക്രട്ടറിമാരായ തലത്ത് യാസ്മിൻ, റിയാസ് അഹ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.