മഞ്ഞ മെട്രോ പാതയിൽ പശ്ചിമബംഗാൾ നിർമിത ട്രെയിനുകൾ ഓടും
text_fieldsബംഗളൂരു: നമ്മ മെട്രോ യെല്ലോ ട്രാക്കിൽ ഇനി പശ്ചിമ ബംഗാൾ നിർമിത ട്രെയിനുകൾ കുതിക്കും. അടുത്ത വർഷം ഘട്ടം ഘട്ടമായാണ് സർവിസ് ആരംഭിക്കുകയെന്ന് ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) അറിയിച്ചു.
പശ്ചിമ ബംഗാളിലെ ടിറ്റാഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് മാർച്ച് മുതൽ പ്രതിമാസം രണ്ട് എന്ന ക്രമത്തിൽ ട്രെയിനുകൾ വിതരണം ചെയ്യും.ആർ.വി റോഡിൽനിന്ന് ഇലക്ട്രോണിക്സ് സിറ്റി വഴി ബൊമ്മസാന്ദ്രയിലേക്കാണ് മെട്രോ സർവിസ് ആരംഭിക്കുക.
ഓരോ 30 മിനിറ്റിലും ഒരു ട്രെയിൻ സർവിസ് നടത്തും. ഡിസംബറിൽ റെയിൽവേ സുരക്ഷ കമീഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തും. നവംബർ-ഡിസംബർ മാസങ്ങളിൽ ഈ റൂട്ടിൽ മൂന്ന് ട്രെയിനുകൾ ലഭ്യമാകുമെന്ന് ബി.എം.ആർ.സി.എൽ അറിയിപ്പിൽ പറഞ്ഞു.
സിഗ്നലിങ് സംവിധാനവും റോളിങ് സ്റ്റോക്കും സംബന്ധിച്ച് റെയിൽവേ ബോർഡിൽനിന്ന് സാങ്കേതിക അനുമതി ലഭിച്ചു. തുടർനടപടികൾ ഉടൻ പൂർത്തിയാകും. റീച്ച്-അഞ്ച് റൂട്ടിലെ എല്ലാ 15 ട്രെയിനുകളും അടുത്ത ആഗസ്റ്റിൽ പ്രവർത്തനക്ഷമമാകും. നിലവിൽ മഞ്ഞ ലൈനിൽ ഡ്രൈവറില്ല മെട്രോ ട്രെയിനിന്റെ പരീക്ഷണ ഓട്ടമാണ് നടക്കുന്നത്. ബൊമ്മസാന്ദ്ര മുതൽ ആർ.വി റോഡ് വരെ യെല്ലോ ലൈനിൽ ആകെ 16 സ്റ്റോപ്പുകൾ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.