ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ എന്താണ് ബി.ജെ.പിക്ക് മൗനം -ക്രിപ ആൽവ
text_fieldsമംഗളൂരു: വിട്ലയിൽ ദലിത് വിഭാഗത്തിലെ 16കാരിയെ അഞ്ച് സംഘ്പരിവാർ യുവാക്കൾ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ബി.ജെ.പിയും എ.ബി.വി.പിയും എന്താണ് മൗനം പാലിക്കുന്നതെന്ന് കെ.പി.സി.സി.സി ജനറൽ സെക്രട്ടറി ക്രിപ അമർ ആൽവ. ഉടുപ്പി കോളജിൽ ആരോപിക്കപ്പെടുന്ന ഒളികാമറ സംഭവത്തിന്‍റെ പേരിൽ ആഭ്യന്തര മന്ത്രിയുടെ വസതിക്ക് മുമ്പിലും തെരുവിലും പ്രതിഷേധിച്ചവരുടേത് ധാർമ്മിക പ്രകടനമാണെങ്കിൽ ദലിത് ബാലികയുടെ കാര്യത്തിൽ അത് എവിടെപ്പോയെന്ന് വാർത്താസമ്മേളനത്തിൽ ആൽവ ചോദിച്ചു.
ദേശീയ, സംസ്ഥാന വനിത കമീഷനുകൾ ദലിത് കുട്ടിയുടെ കാര്യത്തിൽ ഇടപെടാത്തത് ലജ്ജാവഹമാണ്. കോൺഗ്രസ് ആ കേസ് ഏറ്റെടുക്കുകയാണ്. ശരിയായ കൗൺസലിങ്ങിന് വിധേയമാക്കി കുട്ടിയുടെ പഠനം തുടരാൻ സാഹചര്യം ഒരുക്കും. അടുത്തുതന്നെ ബാലികയെ സാമൂഹിക ക്ഷേമ വകുപ്പിന്‍റെ സ്കൂളിൽ ചേർക്കും. ദരിദ്ര കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പാർട്ടിയുടെ പരിഗണനയിലാണ്. നിയമസഹായവും ലഭ്യമാക്കുമെന്ന് ക്രിപ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഇബ്രാഹിം കൊഡിജാൽ, സുഭോദ് ആൽവ, ഉബൈദ് എന്നിവർ പങ്കെടുത്തു.
ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മംഗളൂരു മൂഡബിദ്രി സ്വദേശിയും പെയിന്‍റിങ് തൊഴിലാളിയുമായ അക്ഷയ് ദേവഡിഗ (24), നിർമാണ തൊഴിലാളിയും കൊജ്ജപ്പ ബായാർ സ്വദേശിയുമായ കമലാക്ഷ ബെല്ലടഡ (30), ഡ്രൈവർ ജോലി ചെയ്യുന്ന ബെരിപ്പദവ് സ്വദേശി സുകുമാർ ബെല്ലടഡ (28), പെരുവായി സ്വദേശികളായ രാജ (25), ജയപ്രകാശ് (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോക്സോ കേസ് ചുമത്തപ്പെട്ട അഞ്ചു പ്രതികളും തീവ്രഹിന്ദുത്വ സംഘടന പ്രവർത്തകരാണെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.