‘ആരാണ് ഞങ്ങളെ ജാതി അടിസ്ഥാനത്തിൽ വിഭജിച്ചത്?’
text_fieldsബംഗളൂരു: ഡി.എം.കെ മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ ഉന്മൂലന പരാമർശവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ ഉദയനിധിക്ക് വീണ്ടും പിന്തുണയുമായി കർണാടക ഐ.ടി മന്ത്രിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെ. ആയിരക്കണക്കിന് വർഷങ്ങളായി തുടരുന്ന മനുഷ്യർക്കിടയിലെ വേർതിരിവ് മനുഷ്യന്റെ അന്തസ്സ് ഇല്ലാതാക്കുകയാണെന്ന് പ്രിയങ്ക് ഖാർഗെ എക്സിൽ കുറിച്ചു. ഈ വിഷയത്തിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷും പ്രിയങ്ക് ഖാർഗെയും തുടർച്ചയായ വാക്പോരിലേർപ്പെട്ടിരുന്നു.
തുല്യാവകാശവും അന്തസ്സും മനുഷ്യന് വകവെച്ചു നൽകാത്ത ഏതു മതവും രോഗത്തെ പോലെയാണ് എന്നായിരുന്നു പ്രിയങ്കിന്റെ ആദ്യ പ്രസ്താവന.
ഇതിന് മറുപടിയുമായി രംഗത്തുവന്ന ബി.എൽ. സന്തോഷ്, ആർക്കെങ്കിലും വയറിലൊരു അസുഖമുണ്ടായാൽ തല മുറിച്ചുകളയുമോ? എന്ന് ചോദിച്ചു. ഇതിന് മറുപടിയുമായാണ് ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിലെ ജാതി സമ്പ്രദായങ്ങളെ കുറിച്ച മൂർച്ചയുള്ള ചോദ്യങ്ങളുമായി പ്രിയങ്ക് ഖാർഗെ രംഗത്തുവന്നത്.
‘ആരാണ് ഈ നിയമങ്ങൾ സമൂഹത്തിൽ കൊണ്ടുവന്നത്? ചിലർക്ക് ചിലരെക്കാൾ അവകാശം എങ്ങനെയാണ് ലഭിക്കുന്നത്? ആരാണ് ഞങ്ങളെ ജാതി അടിസ്ഥാനത്തിൽ വിഭജിച്ചത്? എന്തുകൊണ്ടാണ് ചിലയാളുകൾമാത്രം തൊട്ടുകൂടാത്തവരാകുന്നത്? എന്തുകൊണ്ടാണ് അവർക്കിപ്പോഴും ക്ഷേത്രങ്ങളിൽ പ്രവേശിക്കാനാവത്തത്? സ്ത്രീകളെ അകത്തളങ്ങളിൽ തളച്ചിടുന്ന ആചാരങ്ങൾ ആരുകൊണ്ടുവന്നതാണ്? അസമത്വവും അടിച്ചമർത്തലുമുള്ള ജാതി അടിസ്ഥാനത്തിലുള്ള സാമൂഹിക ഘടന ആരുകൊണ്ടുവന്നതാണ്? എല്ലാവർക്കും തുല്യ അവകാശവും ആദരവും നൽകലാണ് ഇതിനുള്ള പരിഹാരം. ആരും തലവെട്ടാൻ ആഗ്രഹിക്കുന്നില്ല.
പക്ഷേ, സാമൂഹിക സമത്വത്തിനേറ്റ അസുഖത്തെ ചികിത്സിക്കേണ്ടതുണ്ട്. നിങ്ങളുടെ സംഘടനയും നിങ്ങളും എതിര് നിൽക്കുന്ന ഭരണഘടനയാണ് ഈ അസുഖങ്ങൾക്കെല്ലാമുള്ള ഏക പരിഹാരം. നിങ്ങൾ കർണാടകയിൽനിന്നുള്ളയാളാണ്. നിങ്ങൾ ബസവ ഗുരുവിന്റെ പാഠങ്ങൾ പ്രചരിപ്പിക്കൂ. കുറച്ചുകൂടി സമത്വമുള്ള സമൂഹത്തെ സൃഷ്ടിക്കാൻ അത് ഞങ്ങളെ സഹായിക്കും’- പ്രിയങ്ക് ഖാർഗെ മറുപടി നൽകി. സനാതന ധർമ വിവാദവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ പ്രിയങ്കിനെതിരെ യു.പി പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.