കേരള അതിർത്തിയിലെ വന്യജീവി ആക്രമണം; പരിശോധിക്കാൻ ഉന്നതതല സംഘം
text_fieldsമംഗളൂരു: കേരളത്തിലെ അതിർത്തിഗ്രാമങ്ങളിൽ കർണാടക വനമേഖലയിൽ നിന്നുള്ള വന്യജീവി ആക്രമണം പരിശോധിക്കാൻ ഉന്നതതല സംഘത്തെ നിയോഗിക്കുമെന്ന് കർണാടക വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ ഇരിക്കൂർ എം.എൽ.എ സജീവ് ജോസഫിന് ഉറപ്പു നൽകി. ഈ ആവശ്യം ഉന്നയിച്ച് ബംഗളൂരുവിൽ മന്ത്രിക്ക് നിവേദനം നൽകി നടത്തിയ ചർച്ചയെത്തുടർന്നാണിത്.
കർണാടകയിൽ കുടക് ജില്ലയിലെ വീരാജ്‌പേട്ട് ഡിവിഷനിൽ ഉൾപ്പെട്ട വനമേഖലയിൽനിന്ന് ഒട്ടേറെ കാട്ടാനകളുൾപ്പെടെ വന്യമൃഗങ്ങൾ ഇരിക്കൂർ മണ്ഡലത്തിലിറങ്ങി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതായും ജനങ്ങളുടെ കൃഷിയും മനുഷ്യജീവനും നഷ്ടപ്പെടാൻ ഇടയാക്കിയിട്ടുണ്ടെന്നും എം.എൽ.എ. മന്ത്രിയെ അറിയിച്ചു.വീരാജ്‌പേട്ട് ഡിവിഷനിൽ ഉൾപ്പെട്ട വനാതിർത്തിയിൽ വന്യമൃഗങ്ങളെ പ്രതിരോധിക്കാനായി ട്രഞ്ചിങ്, വേലി ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് വന്യമൃഗങ്ങൾ വരുന്നത് തടയാൻ നടപടി ഉണ്ടാകണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു.
വന്യജീവികൾ ജനവാസ മേഖലകളിലേക്കിറങ്ങുന്ന സ്ഥലങ്ങളിൽ കർണാടക വനപാലക സംഘത്തെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടു. വീരാജ്‌പേട്ട് വനം ഡിവിഷനുമായി അതിർത്തി പങ്കിടുന്ന ഉളിക്കൽ പഞ്ചായത്തിലെ ടൂറിസം കേന്ദ്രമായ കാലാങ്കിയിലെ വ്യൂ പോയിന്റിൽ വാച്ച് ടവർ സ്ഥാപിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഇവയെല്ലാം പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. കർണാടക വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ബ്രിജേഷ് കുമാർ ദീക്ഷിത്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (വന്യജീവി) ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുഭാഷ് കെ. മൽഖഡെ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.