ബന്ദിപ്പൂർ വനപാതയിൽ കാട്ടാന ആക്രമണം; ബൈക്ക് യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു
text_fieldsബംഗളൂരു: ബന്ദിപ്പൂർ വനപാതയിൽ ബൈക്ക് യാത്രക്കാരനുനേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ആനക്കൂട്ടത്തിന് മുന്നിൽപെട്ട ബൈക്ക് യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു. ഗുണ്ടൽപേട്ട്-ഗൂഡല്ലൂർ പാതയിൽ ബന്ദിപ്പൂർ ടൈഗർ റിസർവ് വനത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. ദൃക്സാക്ഷിയായ യാത്രക്കാരിലൊരാൾ പകർത്തിയ വിഡിയോ ദൃശ്യം സമൂഹമാധ്യമത്തിൽ വൈറലായി. റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തിന് മുന്നിൽ ബൈക്ക് യാത്രികൻ വന്നുപെടുകയായിരുന്നു.
ആന ചീറിയടുത്തതോടെ ബൈക്ക് നിലത്തിട്ടെങ്കിലും നിയന്ത്രണംവിട്ട ബൈക്കിൽനിന്ന് ഇയാൾ സമീപത്തെ കുറ്റിക്കാട്ടിലാണ് വീണത്. സമീപത്ത് മറ്റ് ആനകളുണ്ടായിരുന്നെങ്കിലും ഭാഗ്യത്തിന് ഒന്നും ചെയ്തില്ല. പിന്നീട് കാട്ടാനക്കൂട്ടം സ്വയം പിൻവാങ്ങുകയായിരുന്നു. കാട്ടാനക്കൂട്ടം റോഡരികിൽ നിൽക്കുന്നതുകണ്ട് ഇരുവശത്തുനിന്നുമുള്ള വാഹനങ്ങൾ റോഡിൽ ഏറെനേരം നിർത്തിയിട്ടു. ഭീതിയൊഴിഞ്ഞശേഷമാണ് വാഹനങ്ങൾ കടന്നുപോയത്. വനപാതകളിലൂടെ സഞ്ചരിക്കുമ്പോൾ യാത്രക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ബന്ദിപ്പൂർ ടൈഗർ റിസർവ് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.