കാട്ടുകൊമ്പൻ ദ്രോണ 100 കിലോമീറ്റർ നടന്ന് വീണ്ടും കുടക് തോട്ടങ്ങളിൽ തിരിച്ചെത്തി
text_fieldsമംഗളൂരു: വീരാജ്പേട്ട മേഖലയിലെ കർഷകർക്ക് വിളനാശഭീഷണി ഉയർത്തി കാട്ടുകൊമ്പൻ ദ്രോണ കുടകിൽ തിരിച്ചെത്തി. എച്ച്.ഡി. കൊടെ സങ്കേതത്തിൽനിന്ന് 20 ദിവസംകൊണ്ടാണ് 100 കിലോമീറ്റർ താണ്ടി ആന ഇഷ്ടപ്പെട്ട ആവാസവ്യവസ്ഥ പരിസരത്തെത്തിയത്.
നാട്ടിൽ ഇറങ്ങി കാപ്പിത്തോട്ടങ്ങളിൽ ഉൾപ്പെടെ നാശനഷ്ടം വരുത്തുന്നു എന്ന പരാതിയെത്തുടർന്നായിരുന്നു പിടികൂടി കൊടെയിൽ കൊണ്ടുപോയത്. കമ്പക്കയറുകളിൽ ബന്ധിച്ച് ലോറിയിൽ കയറ്റി കൊണ്ടുപോയപ്പോൾ കർഷകർ ആശ്വാസത്തിലായിരുന്നു. എന്നാൽ, ഞായറാഴ്ച ആന വീണ്ടും പിടികൂടിയ സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. വനം അധികൃതർ ചാർത്തിയ ദ്രോണ എന്ന പേരും റേഡിയോ കോളറും മെരുക്കിയ അടയാളമായി ഒപ്പമുണ്ട്.
സിദ്ധാപുര, മൽഡേർ, ചെന്നഗി, പൊളിബെട്ട മേഖലയിലെ കർഷകർ ഭീതിയിലാണ്. കാട്ടാനകൾ കൃഷിനശിപ്പിക്കുന്നതിന് ശാശ്വത പരിഹാരം കാണണമെന്ന് കുടക് അമ്മതി ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് മണ്ഡേപ്പണ്ട പ്രവീൺ ബൊപ്പയ്യ പറഞ്ഞു.തൊഴിലാളി യൂനിയൻ നേതാവ് കെ. മാധവും ഇതേ ആവശ്യം ഉന്നയിച്ചു. ദ്രോണയെ ആനസങ്കേതത്തിലേക്ക് വീണ്ടും കൊണ്ടുപോവും എന്ന് വീരാജ്പേട്ട ഡി.എഫ്.ഒ ശരണബാസപ്പ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.