ഹെസർഘട്ട സംരക്ഷിത മേഖലയാവുമോ?
text_fieldsബംഗളൂരു: പുൽമേടുകൾ നിറഞ്ഞ ഹെസർഘട്ട മേഖല പരിസ്ഥിതി സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സംസ്ഥാന വന്യജീവി ബോർഡ് യോഗം ചേരും. 5000 ഏക്കർ വരുന്ന ഹെസർഘട്ട പുൽമേട് സംരക്ഷിത മേഖലയായി പ്രഖ്യാപിക്കണമെന്ന് ഏറെക്കാലമായി പരിസ്ഥിതി പ്രവർത്തകരടക്കമുള്ളവർ ഉന്നയിക്കുന്ന ആവശ്യമാണ്.
ഈ നിർദേശം ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ 2021 ജനുവരി 19ന് ചേർന്ന വന്യജീവി ബോർഡ് യോഗം തള്ളിയിരുന്നു. യെലഹങ്ക എം.എൽ.എയായിരുന്ന എസ്.ആർ. വിശ്വനാഥിന്റെ ഇടപെടലിനെ തുടർന്നായിരുന്നു ഇത്. ബോർഡ് അംഗമല്ലാതിരുന്നിട്ടും യോഗത്തിൽ പങ്കെടുത്ത വിശ്വനാഥ്, ഹെസർഘട്ട സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്നത് കർഷകരെ ദോഷകരമായി ബാധിക്കുമെന്ന് വാദിച്ചു. ഇതോടെ മറ്റംഗങ്ങളുടെ അഭിപ്രായം പോലും പരിഗണിക്കാതെ യെദിയൂരപ്പ നിർദേശം തള്ളുകയായിരുന്നു.
ഹെസർഘട്ടയിൽ നിർമാണ പ്രവർത്തനങ്ങളടക്കമുള്ള പദ്ധതികൾ ലക്ഷ്യം വെച്ച് സർക്കാർ നീങ്ങുന്നതിനിടെ പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ വിജയ് നിഷാന്ത് പൊതുതാൽപര്യ ഹരജിയുമായി ഹൈകോടതിയെ സമീപിച്ചു. ഹെസർഘട്ടയിൽ തൽസ്ഥിതി തുടരാനും പുൽമേടുകൾ ഒരു വിധത്തിലും തരംമാറ്റരുതെന്നുമായിരുന്നു കഴിഞ്ഞ വർഷം മേയിൽ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ്. സംസ്ഥാന വന്യജീവി ബോർഡിന്റെ യോഗം മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നടന്നതെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വന്യജീവി ബോർഡ് യോഗത്തിൽ ബി.ജെ.പി എം.എൽ.എ മാനദണ്ഡം ലംഘിച്ച് പങ്കെടുക്കുകയും യോഗ തീരുമാനത്തെ സ്വാധീനിക്കുകയും ചെയ്തതായി ഹരജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് കഴിഞ്ഞമാസം ഹരജി തീർപ്പാക്കിയ ഹൈകോടതി ജൈവവൈവിധ്യ ബോർഡിന്റെ മുൻ തീരുമാനം തള്ളി. ഹെസർഘട്ട സംരക്ഷിത മേഖലയായി പ്രഖ്യാപിക്കാനുള്ള മുൻ നിർദേശം വീണ്ടും പരിഗണിക്കാൻ ജൈവവൈവിധ്യ ബോർഡിനോട് കോടതി ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച യോഗം ചേരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച ഹെസർഘട്ടയിൽ പക്ഷി നിരീക്ഷണം നടത്തിയ പക്ഷിപ്രേമികളും ശാസ്ത്രജ്ഞരും ഇതുസംബന്ധിച്ച് അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ പക്ഷി നിരീക്ഷണത്തിനിടെ ബ്ലൂ ടെയ്ൽഡ് ബീ ഈറ്റർ അടക്കമുള്ള ദേശാടനപ്പക്ഷികളും വേഴാമ്പൽ അടക്കമുള്ള സ്വദേശിയിനം പക്ഷികളും ഉൾപ്പെടെ 100 ലേറെ ഇനങ്ങളെ ഈ മേഖലയിൽ കണ്ടെത്തിയിരുന്നു. 300 ലേറെ പേർ പക്ഷിനിരീക്ഷണത്തിൽ പങ്കാളികളായി.
ഹെസർഘട്ട തടാകത്തോട് ചേർന്ന മേഖലയിലെ പുൽമേടുകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത സർക്കാറിന്റെ ശ്രദ്ധയിൽകൊണ്ടുവരുകയും സംരക്ഷിതമേഖലയായി ഇതിനെ പ്രഖ്യാപിക്കാൻ വഴിയൊരുക്കുകയും ചെയ്യുന്നതിനായാണ് പക്ഷിനിരീക്ഷണ പ്രവർത്തനം സംഘടിപ്പിച്ചത്. അടുത്ത ഞായറാഴ്ചയും ഇതിന്റെ തുടർപ്രവർത്തനം നടക്കുമെന്ന് അവർ വ്യക്തമാക്കി.
അടുത്തിടെ ബംഗളൂരു വികസന അതോറിറ്റിക്കുകീഴിൽ ഹെസർഘട്ടയിലെ പുൽമേടുകൾ നശിപ്പിച്ച് ആയിരക്കണക്കിന് വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചിരുന്നു. പുൽമേടുകളുടെ ജൈവ സ്വാഭാവികത നശിപ്പിച്ച് മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതുകൊണ്ട് കാര്യമില്ലെന്നും പുൽമേടുകളിലേക്ക് മാത്രമെത്തുന്ന വിവിധയിനം പക്ഷികൾ വൃക്ഷങ്ങളിൽ ചേക്കേറുന്നവയല്ലെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.