ആപ്പിലൂടെ അറിയാം, ബസുകൾ എവിടെയെത്തിയെന്ന്
text_fieldsബംഗളൂരു: ബസുകൾ കാത്തുനിന്ന് ഇനി മുഷിയേണ്ട, ബി.എം.ടി.സിയുടെ ബസുകളുടെ സമയവിവരം, ബസ് എവിടെയെത്തി തുടങ്ങിയ വിവരങ്ങൾ ഇനി യാത്രക്കാർക്ക് മൊബൈൽ ആപ്പിലൂടെ അറിയാം. അതിനാൽ കൃത്യസമയത്ത് മാത്രം എത്തി ബസ് കാത്തുനിൽക്കാം. ഇതിനായുള്ള ബി.എം.ടി.സിയുടെ ‘നിംബസ് ആപ്’ ഡിസംബർ 23 മുതൽ നിലവിൽവരും. ജി.പി.എസ് സംവിധാനമുപയോഗിച്ചാണ് ആപ് വിവരങ്ങൾ തരിക. നേരത്തേ ബസ് ഓരോ സ്‌റ്റോപ്പിലുമെത്തുന്ന സമയം അറിയാൻ പ്രത്യേക സൗകര്യം ബി.എം.ടി.സി ഒരുക്കിയിരുന്നെങ്കിലും കൃത്യതയില്ലായ്മ തിരിച്ചടിയായിരുന്നു.
വ്യാപക പരാതികളുയർന്നതോടെ ഈ സംവിധാനം പിന്നീട് പിൻവലിച്ചു. എന്നാൽ, ആപ് അധിഷ്ഠിത ടാക്‌സികൾക്ക് സമാനമായി ബസുകളുടെ വിവരങ്ങൾ യാത്രക്കാർക്ക് കൈമാറാനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതോടെയാണ് ജി.പി.എസ് അധിഷ്ഠിത സംവിധാനത്തെക്കുറിച്ച് ബി.എം.ടി.സി ആലോചിച്ചുതുടങ്ങിയത്. ബസുകളിൽ യാത്രക്കാരുടെ എണ്ണം കൂട്ടുകയെന്ന ലക്ഷ്യവും പദ്ധതിക്കു പിന്നിലുണ്ട്.
ആദ്യഘട്ടത്തിൽ വോൾവോ ബസുകളുൾപ്പെടെ 2,000 ബസുകളുടെ യാത്രാവിവരങ്ങളാണ് ലഭ്യമാക്കുകയെന്ന് ബി.എം.ടി.സി ഐ.ടി വിഭാഗം ഡയറക്ടർ എ.വി. സൂര്യസെൻ അറിയിച്ചു. ജനുവരി 31നുള്ളിൽ മുഴുവൻ ബസുകളിലും ഈ സൗകര്യം ഏർപ്പാടാക്കും.
ബസുകളിൽ ഘടിപ്പിക്കുന്ന ജി.പി.എസ് സംവിധാനം ആപ്പുമായി ബന്ധിപ്പിക്കുന്നതോടെയാണ് ബസിന്‍റെ വിവരങ്ങൾ യാത്രക്കാരിലേക്ക് എത്തുന്നത്. ഏറെനേരം ബസ് കാത്തിരിക്കേണ്ടിവരുന്ന സാഹചര്യം ഇതോടെ യാത്രക്കാർക്ക് ഒഴിവാക്കാം. ആപ്പിന്‍റെ കൃത്യത സംബന്ധിച്ച പരിശോധന ബി.എം.ടി.സി നേരത്തേ പൂർത്തിയാക്കിയിട്ടുണ്ട്. സ്വകാര്യ കമ്പനിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.