കുടകിൽ തോട്ടം ഉടമയായ വനിതയും രണ്ടു പെൺമക്കളും മുങ്ങിമരിച്ച നിലയിൽ
text_fieldsമംഗളൂരു: ദക്ഷിണ കുടകിലെ ശ്രീമംഗളയിൽ തോട്ടം ഉടമയായ സ്ത്രീയെയും രണ്ടു പെൺമക്കളെയും പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാപ്പിത്തോട്ടം ഉടമയും മംഗളൂരുവിനടുത്ത ധർമസ്ഥല ക്ഷേത്രം ഗ്രാമവികസന പദ്ധതി പ്രതിനിധിയുമായ അശ്വിനി (48), മക്കളായ നിഖിത (21), നവ്യ(18) എന്നിവരാണ് മരിച്ചത്.
ഹുഡികേരി ഗ്രാമത്തിലെ വീട്ടിൽനിന്ന് അശ്വിനിയും മക്കളും സ്കൂട്ടറിൽ കയറി പോകുന്നത് അയൽക്കാർ കണ്ടിരുന്നു. ഇവരുടെ വളർത്തുനായ് കുരക്കുന്നതുകേട്ട് അയൽക്കാർ ചെന്നുനോക്കിയപ്പോൾ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മൊബൈൽ ഫോണുകളിൽ ബന്ധപ്പെട്ടെങ്കിലും മറുപടി ഉണ്ടായില്ല. ഇതേത്തുടർന്ന് അവരുടെ ഇഗുണ്ടയിലെ തോട്ടത്തിൽ നടത്തിയ തിരച്ചിലിൽ നിർത്തിയിട്ട സ്കൂട്ടർ കണ്ടെത്തി. പുഴക്കരയിൽ നവ്യയുടെ വസ്ത്രങ്ങളും മൂന്നു പേരുടെയും ചെരിപ്പുകളും ഉണ്ടായിരുന്നു.
അപകടം മണത്ത നാട്ടുകാർ വിവരം നൽകിയതനുസരിച്ച് എത്തിയ ശ്രീമംഗള പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിൽ മൂന്നു മൃതദേഹങ്ങൾ പുഴയിൽനിന്ന് മുങ്ങിയെടുത്തു. കുളിക്കാനിറങ്ങിയ നവ്യ ഒഴുക്കിൽപെട്ടപ്പോൾ അമ്മയും ചേച്ചിയും രക്ഷിക്കാനിറങ്ങിയത് കൂട്ടദുരന്തത്തിൽ കലാശിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.