ബി.ജെ.പി കൺവെൻഷനിൽ ബ്ലൗസ് തുണിക്കായി വനിതകളുടെ പിടിവലി
text_fieldsബംഗളൂരു: മേയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിലെ വിജയപുര ജില്ലയിൽ ബി.ജെ.പി വനിത കൺവെൻഷനിൽ വിതരണം ചെയ്ത ബ്ലൗസ് തുണിക്കായി സ്ത്രീകളുടെ ഉന്തുംതള്ളും.
ബി.ജെ.പി ജില്ല കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം നാഗ്താൻ നിയോജകമണ്ഡലത്തിൽ വനിത കൺവെൻഷൻ നടത്തിയത്. കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി സധ്വി നിരഞ്ജൻ ആയിരുന്നു മുഖ്യാതിഥി. വോട്ടർമാരെ കൈയിലെടുക്കാനും പരിപാടിക്ക് ആളെ കൂട്ടാനുമായി സംഘാടകർ ബ്ലൗസ് തുണികൾ വിതരണം ചെയ്യാൻ തീരുമാനിച്ചിരുന്നു.
എന്നാൽ, വിതരണം തുടങ്ങിയ ഉടൻ വൻ പിടിവലിയായി. പ്രവർത്തകരും പരിപാടിക്കെത്തിയ മറ്റ് വനിതകളും തുണിക്കായി ബഹളം കൂട്ടി. ഉന്തുംതള്ളുമുണ്ടായതോടെ വിതരണം ചെയ്യുന്നവർ പ്രതിസന്ധിയിലായി. എല്ലാവർക്കുമുള്ള തുണി ഉണ്ടെന്നും ആരും തിരക്ക് കൂട്ടേണ്ടെന്നും വിളിച്ചുപറഞ്ഞെങ്കിലും രക്ഷയുണ്ടായില്ല, ഉന്തുംതള്ളും തുടർന്നു. ആദ്യമൊക്കെ ഓരോരുത്തരുടേയും കൈയിലായിരുന്നു തുണി നൽകിയത്. എന്നാൽ തിരക്ക് രൂക്ഷമായപ്പോൾ പിന്നീട് തുണികൾ എറിഞ്ഞുനൽകുകയായിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തതോടെ ബി.ജെ.പി വിവിധ കേന്ദ്രങ്ങളിൽ തുണികളും മറ്റും വിതരണം ചെയ്യുന്നുവെന്ന് വ്യാപക പരാതിയുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ബി.ജെ.പി നേതാവും എം.എൽ.സിയുമായ ആർ. ശങ്കറിന്റെ ഗോഡൗണിൽനിന്ന് സാരികളുടെയും ബാഗുകളുടെയും വൻശേഖരം വാണിജ്യ നികുതി ഉദ്യോഗസ്ഥർ പിടിച്ചിരുന്നു.
ശങ്കറിനെതിരെ കേസും എടുത്തു. ശേഖറിന്റെ വീടിനോട് ചേർന്ന ഗോഡൗണിൽ ബുധനാഴ്ച നടത്തിയ റെയ്ഡിൽ 5000 സാരികളും ബാഗുകളുമാണ് പിടിച്ചെടുത്തത്. വോട്ടർമാരെ പാട്ടിലാക്കാൻ വിതരണം ചെയ്യാൻ സൂക്ഷിച്ചതാണ് ഇതെന്നാണ് പൊലീസ് പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.