വൈവിധ്യത്തിന്റെ മഹത്ത്വം എഴുത്തുകാർ ഉയർത്തിപ്പിടിക്കണം -ഇ.പി. രാജഗോപാലൻ
text_fieldsബംഗളൂരു: ഹിന്ദി മാത്രം മതി, ഹിന്ദുത്വം മാത്രം മതി എന്ന അടിച്ചേൽപിക്കലുകൾക്കെതിരെ എഴുത്തുകാർ വൈവിധ്യത്തിന്റെ മഹത്ത്വം ഉയർത്തിപ്പിടിക്കണമെന്ന് എഴുത്തുകാരൻ ഇ.പി. രാജഗോപാലൻ പറഞ്ഞു. സി.പി.എ.സി നടത്തിയ കഥ, കവിത മത്സര വിജയികൾക്കുള്ള സമ്മാന സമർപ്പണ പരിപാടിയിൽ 'കഥയുടെ വഴികൾ, കവിതയുടെയും' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാഷിസത്തിന്റെ ഭീകരതക്ക് ഇരയായ ഗ്രാമത്തിന്റെ ചിത്രമാണ് പിക്കാസോയുടെ 'ഗോർണിക്ക'. അത് ചിത്രകലയുടെ ഘടനയിൽതന്നെ മാറ്റമുണ്ടാക്കി. ഇരകളുടെ രോദനത്തിന്റെ ശിഥിലരൂപങ്ങൾകൊണ്ട് പൂർണ ആശയത്തെ ആവിഷ്കരിക്കുകയായിരുന്നു പിക്കാസോ.
സാഹിത്യം ചലനമുണ്ടാക്കുന്നത് ഭാഷയെത്തന്നെ മാറ്റിക്കൊണ്ടാണ്. എഴുത്തുകാരിൽനിന്ന് പുതിയ രീതിയിൽ ആശയാവിഷ്കാരം ഉണ്ടാകണം. പലമയെ അഥവാ വൈവിധ്യത്തെ പൂർണതയിൽ നെഞ്ചോട് ചേർക്കുകയാണ് എഴുത്തുകാർ ചെയ്യേണ്ടത്.
സാങ്കേതിക വളർച്ചയുടെ ഭാഗമായി ആർക്കും എഴുതാനുള്ള സൗകര്യം നിലനിൽക്കുന്നുണ്ടെന്നും പറയാനുള്ളത് പറഞ്ഞാൽ അത് എഴുത്തായി മാറുന്ന കാലമാണെന്നും എന്നാൽ, പലമയുടെ ഉത്സവംകൂടി ആയിരിക്കണം എഴുത്തെന്നും അദ്ദേഹം പറഞ്ഞു.
കഥ മത്സര വിജയികളായ ടി.ഐ. ഭരതൻ, ജി.കെ. കല എന്നിവർക്ക് ഇ.പി. രാജഗോപാലൻ പ്രശസ്തിപത്രവും സമ്മാനവും നൽകി. ചർച്ചയിൽ കെ.ആർ. കിഷോർ, ടി.ഐ. ഭരതൻ, ജി.കെ. കല, മുരളീധരൻ നായർ, ശാന്തകുമാർ, എം.ബി. മോഹൻദാസ്, ആനന്ദ് വേണുഗോപാൽ എന്നിവർ പങ്കെടുത്തു. ഡെന്നിസ് പോൾ അധ്യക്ഷത വഹിച്ചു. സി. കുഞ്ഞപ്പൻ സ്വാഗതവും അനുരൂപ് വത്സൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.