മകൻ കാന്തേശിന് ഹാവേരി ലോക്സഭ സീറ്റ് യെദിയൂരപ്പ ഉറപ്പുനൽകിയെന്ന് കെ.എസ്. ഈശ്വരപ്പ
text_fieldsബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ ഹാവേരി മണ്ഡലത്തിൽ തന്റെ മകൻ കെ.ഇ. കാന്തേഷിനെ സ്ഥാനാർഥിയാക്കാമെന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്. യെദിയൂരപ്പ ഉറപ്പു നൽകിയതായി മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ പറഞ്ഞു.
ബുധനാഴ്ച ശിവമൊഗ്ഗയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയുടെ ശിവകുമാർ ഉദാസി ചന്നബസപ്പയുടെ സിറ്റിങ് സീറ്റാണ് ഹാവേരി. യെദിയൂരപ്പയുടെ വാക്കുകൾ വിശ്വസിക്കുന്നു.
പാലിച്ചില്ലെങ്കിൽ വെള്ളിയാഴ്ച താൻ വിളിച്ചുചേർത്ത അനുയായികളുടെ യോഗത്തിൽ ഭാവി പരിപാടി തീരുമാനിക്കും. ശിവമൊഗ്ഗ ബഞ്ജാര ഭവനിലാണ് യോഗം ചേരുന്നത്. ലോക്സഭയിലേക്ക് മത്സരിക്കണമെന്ന് തന്നോട് അണികൾ ആവശ്യപ്പെടുന്നുണ്ട്. താൽപര്യമില്ല.
മത്സരിക്കാൻ നിർബന്ധിതനായാൽ ഹാവേരിയിൽ അല്ല, ശിവമൊഗ്ഗയിലാണ് ജനവിധി തേടുകയെന്ന് ഈശ്വരപ്പ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.